ഭക്ത്യാദരവോടെ ഗുരുജയന്തി ആഘോഷം

 

വർക്കല∙ ശ്രീനാരായണ ഗുരുദേവന്റെ 165-മത് ജയന്തി ഭക്ത്യാദരവോടെ വർക്കല ശിവഗിരിയിലും ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ഗുരുകുലത്തിലും ആഘോഷിച്ചു. രാവിലെ പ്രത്യേക പൂജകളും പ്രാർഥനകളും സമ്മേളനവും നടന്നു. വൈകിട്ടു ഭക്തിനിർഭരമായ ജയന്തി ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗുരുദേവ ദർശനം ഏതു സാഹചര്യത്തിലും ലോകമാകെ പ്രസക്തമാണെന്നു ശിവഗിരിയിൽ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

വിദ്യ നേടി സ്വതന്ത്രരാകാനും സംഘടന കൊണ്ടു ശക്തരാകാനും ഗുരുദേവൻ ഉദ്ബോധിപ്പിച്ചു. അതിനെക്കാൾ വലിയൊരു വിമോചന സന്ദേശം ഇനിയാർക്കും നൽകാനില്ല. സമൂഹത്തിലെ വേർതിരിവിന്റെ മതിലുകൾ അദ്ദേഹം പൊളിച്ചു കളഞ്ഞപ്പോൾ, ഇന്നു നവോത്ഥാനത്തിന്റെ പേരിൽ മതിലുകൾ കെട്ടിപ്പൊക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷ്യം വഹിച്ചു. ദൈവദശകം സ്കൂൾ തലത്തിൽ പ്രാർഥനാ ഗീതമാക്കാൻ സർക്കാരുകൾ ആത്മാർഥ സമീപനം സ്വീകരിക്കുന്നില്ലെന്നു ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. മഹാസമാധി ദിവസം വരെ നീളുന്ന ജപയജ്ഞം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു.

 

വൈകിട്ട് പുഷ്പാലംകൃതമായ ഗുരുദേവ റിക്ഷയുമായി വർണശബളമായ ഘോഷയാത്ര നഗരം ചുറ്റി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ മഹാസമാധിയിൽ നിന്നു റിക്ഷ ആനയിച്ചു. ആത്മീയത സാമൂഹിക മാറ്റത്തിനുള്ള പ്രത്യയശാസ്ത്രമായി ഗുരുദേവൻ മാറ്റിയെടുത്തെന്നു ചെമ്പഴന്തിയിൽ ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

 

ഒരു നൂറ്റാണ്ട് മുൻപ് ഇന്ത്യയിൽ മതനിരപേക്ഷത എന്ന ആശയം ചർച്ച പോലുമല്ലാതിരുന്ന കാലത്താണു മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ധീരമായ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. മനുഷ്യനെ മതം കൊണ്ട് അളക്കുകയും വിലയിരുത്തുകയും വിവേചിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഭീതിജനകമായ അന്തരീക്ഷം രാജ്യത്തുണ്ട്. മതത്തെ രാജ്യകാര്യം ആക്കുന്നവരെപ്പോലെ തന്നെ നവോത്ഥാനത്തെ രാഷ്ട്രീയ ലക്ഷ്യമാക്കി പരിമിതപ്പെടുത്തുന്നവരും ഗുരുവിനെ മനസ്സിലാക്കാത്തവരാണ്. നവോത്ഥാനം ഗുരുവിന് ഒരേസമയം ആത്മീയവും സാമൂഹികവുമായ പ്രക്രിയ ആയിരുന്നെന്നും രമേശ് പറഞ്ഞു. മേയർ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു.
Comments

COMMENTS

error: Content is protected !!