അകലാപ്പുഴയിൽ ടൂറിസം വികസിക്കുന്നു. ഒപ്പം പുഴയുടെ സർവ്വനാശത്തിനിടയാക്കുന്ന പുഴ കയ്യേറ്റവും

പുറക്കാട്: അകലാപ്പുഴയിൽ അഭൂതപൂർവ്വമായി നടക്കുന്ന ടൂറിസം വികസനം ജനങ്ങളിൽ പ്രതീക്ഷയുളവാക്കുമ്പോൾ, വികസനത്തിന്റെ മറവിൽ നടക്കുന്ന പുഴക്കയ്യേറ്റം ആശങ്കയുളവാക്കുന്നു. അകലാപ്പുഴയിൽ പുറക്കാട് മേഖലയിൽ ഗോവിന്ദമേനോൻ കെട്ടിന് സമീപമായാണ് പെഡൽ ബോട്ടുകളും ശിക്കാരി വള്ളങ്ങളുമൊക്കെ ഉപയോഗിച്ച്, ജലടൂറിസം സാദ്ധ്യതകൾ വികസിക്കുന്നത്. 30 ലധികം പെഡൽ ബോട്ടുകൾ ഇപ്പോൾ തന്നെ ഇവിടെയുണ്ട്. ഒരു കുടുബത്തിലെ അഞ്ചംഗങ്ങൾക്ക് വരെ പുഴയിൽ ഉല്ലാസ യാത്ര നടത്താൻ ഇത്തരം ബോട്ടുകൾ ഉപയോഗിക്കാം. ധാരാളം കുടുംബങ്ങൾ യാത്രകൾക്കായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നുന്നുണ്ട്. മൂന്ന് ശിക്കാരി ബോട്ടുകൾ ഇപ്പോൾ തന്നെ സർവ്വീസ് നടത്തുന്നുണ്ട്. 15 മുതൽ 20 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണിവ.

1500 മുതൽ 2000 രൂപ വരെ വാടക നൽകി ഒരു സംഘത്തിന് പുഴയിൽ ഒരു മണിക്കൂർ യാത്ര നടത്താം. അമ്പതും അറുപതും പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളുടെ നിർമ്മാണവും ഇപ്പോൾ തകൃതിയായി നടന്നുവരുന്നുണ്ട്. 100 ലധികം ആളുകൾക്ക് സഞ്ചരിക്കാവുന്ന പുരത്തോണി (ഹൗസ് ബോട്ട്) യും ഉടനെ എത്തുമെന്നറിയുന്നു. പുഴയിൽ വെച്ച് ബർത്ത്ഡേ പാർട്ടികളും മറ്റ് ആഘോഷങ്ങളും നടത്താനാണ് ഇത്തരം ബോട്ടുകൾ ഉപയോഗിക്കുന്നത്. ഭക്ഷണവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് പണിയെടുക്കുന്നവർക്ക് ചെറിയ വരുമാനം ലഭിക്കുന്നത് നല്ല കാര്യമാണ്. മദ്യസൽക്കാരങ്ങളും ഇതോടൊപ്പം നടക്കുന്നതായി ആക്ഷേപമുണ്ട്. നിരോധിത മയക്കുമരുന്ന് സർക്കാരങ്ങളും ഇതോടൊപ്പം എത്തിയേക്കുമോ എന്ന ഭയവും ജനങ്ങൾക്കുണ്ട്. ചൂതാട്ടങ്ങൾക്കും മറ്റും ഇത്തരം പുരത്തോണികൾ ഉപയോഗിക്കുന്നതിന്റെ അനുഭവങ്ങളും നാട്ടിലുണ്ട്. പുഴയിലെ തുരുത്തുകൾ വില കൊടുത്തു വാങ്ങിയും ലീസ്സിനെടുത്തും റിസോർട്ടുകളും ഫാന്റസി പാർക്കുകളുമൊക്കെ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ടൂറിസം സാദ്ധ്യതകൾ വർദ്ധിച്ചതോടെ പുഴക്കയ്യേറ്റങ്ങളും ഇപ്പോൾ തകൃതിയായി നടന്നുവരുന്നു. മണ്ണ് മാന്തിയെന്ത്രമുപയോഗിച്ച് പുഴയിലെ ചളിവാരിയെടുത്ത് തീരം നികത്തിയെടുക്കുന്ന പണിയാണിപ്പോൾ നടന്നു വരുന്നത്. പുഴയുടെ ആഴങ്ങളിലേക്കിറക്കി മരക്കുറ്റികൾ അടിപ്പുറപ്പിച്ച ശേഷം ഓലയും പരമ്പും വെച്ച് അതിനകത്ത് ചളി കോരിയിട്ട് പുഴ നികത്തിയെടുക്കുകയാണ് ചെയ്യുന്നത്. പത്ത് സെന്റിലധികം ഭൂമി ഇങ്ങനെ നികത്തിയെടുത്ത ധാരാളം പേർ ഇവിടെയുണ്ട്. പുഴയുടെ തിക്കോടി വില്ലേജ് അതിരിലാണ് തീരം മുഴുക്കെ കയ്യേറ്റം നടക്കുന്നത്. ചാരുമ്മൽ താഴെ, കെട്ടുമ്മൽ ഭാഗങ്ങളിലെ കയ്യേറ്റങ്ങൾ പ്രകടമായിത്തന്നെ പുഴയിൽ നിന്ന് കാണാം. എന്നാൽ ഉൾഭാഗത്തേക്ക് വ്യാപിച്ചു കിടക്കുന്ന കൈത്തോടുകളും മറ്റും ഇതിനകം നികത്തി പലരും സ്വന്തമാക്കിക്കഴിഞ്ഞു. ഇതാകട്ടെ പുഴയിൽ നിന്ന് കണ്ടെത്താനുമാവില്ല.

വി എസ് സർക്കാരിന്റെ കാലത്ത് പുഴക്കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വലിയ നീക്കങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന്, കയ്യേറ്റങ്ങൾ താരതമ്യേന കുറവായിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാരുകളൊന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ തുടർന്നില്ല. ഇപ്പോഴാകട്ടെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി കയ്യേറ്റങ്ങൾക്ക് വേഗം കൂട്ടിയതായാണ് ആക്ഷേപം. ചില ഭരണകക്ഷി നേതാക്കളുടെ ഒത്താശക്കാരാണ് ടൂറിസം വികസനത്തിന്റെ മറവിൽ ഭൂമികയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നതെന്നും ജനങ്ങൾക്ക് ആക്ഷേപമുണ്ട്.

അകലാപ്പുഴ കേരളത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്നാണ്. ടൂറിസം വിസനത്തിന് വലിയ സാദ്ധ്യതകളുള്ള ഇടം. ജനങ്ങൾക്ക് വരുമാനവും വികസനവും ഉണ്ടാക്കുന്ന ടൂറിസം വ്യവസായം വികസിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അത് പുഴയെ സംരക്ഷിച്ചു കൊണ്ടും പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ കാത്തുകൊണ്ടുമാകണം. കണ്ടൽക്കാടുകളും മറ്റും വെട്ടിനശിപ്പിച്ചാൽ അത് പുഴയുടെ സർവ്വ നാശത്തിന് കാരണമാകും. കണ്ടൽക്കാടുകളും ചതുപ്പുകളും നിലനിന്നങ്കിലേ പുഴയിലെ മത്സ്യങ്ങളും സ്വാഭാവിക ജലപരിസ്ഥിതിയും നിലനിൽക്കൂ. അവ നശിപ്പിക്കുന്നത് പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ അസംബന്ധമാകും.

Comments

COMMENTS

error: Content is protected !!