അക്രമിസംഘം വീട്ടിൽക്കയറി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ താമരശ്ശേരി പ്രവാസി തിരിച്ചെത്തി

അക്രമിസംഘം വീട്ടിൽക്കയറി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസിയായ താമരശ്ശേരി പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി  തിരിച്ചെത്തി. തച്ചൻപൊയിലിലെ ബന്ധുവീട്ടിലെത്തിയ ഷാഫിയെ കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ  നേതൃത്വത്തിൽ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. അക്രമിസംഘം ഷാഫിയെ കർണാടകയിലെ അജ്ഞാതകേന്ദ്രത്തിൽ നിന്ന് ഇന്നലെ രാവിലെ മൈസുരുവിലെത്തിച്ച് വിട്ടയച്ചതാണെന്ന് താമരശ്ശേരി ഡിവൈഎസ്പി ടി കെ അഷറഫ് തെങ്ങലക്കണ്ടി പറഞ്ഞു. ബന്ധുക്കൾ മൈസുരുവിലെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു.

തട്ടിക്കൊണ്ടുപോയി പത്താം ദിവസമാണു ഷാഫി തിരികെയെത്തിയത്. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ വിദേശത്തെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നു ഷാഫി വിവരിക്കുന്ന വിഡിയോകൾ ഇതിനിടെ പുറത്തു വന്നിരുന്നു. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ പിടിയിലിരിക്കെ ഷാഫിയുടേതായി പുറത്തുവന്ന വിഡിയോ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടാളികൾ അറസ്റ്റിലായതും വണ്ടികൾ കസ്റ്റഡിയിലെടുത്തതുമായിരിക്കാം ഷാഫിയെ വിട്ടയച്ചതിനു കാരണമെന്നും ഡിഐജി പറഞ്ഞു.

കാസർകോട് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാൻ മൻസിലിൽ സി.എ.ഹുസൈൻ (44), കർണാടക സ്വദേശികളായ മുഹമ്മദ് നൗഷാദ് (23),  ഇസ്മയിൽ ആസിഫ് (33), അബ്ദുറഹിമാൻ (23) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!