കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻ നേരിട്ടു വിതരണം ചെയ്യാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ പെൻഷൻ വിതരണം അവതാളത്തിൽ

കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻ നേരിട്ടു വിതരണം ചെയ്യാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ പെൻഷൻ വിതരണം അവതാളത്തിലായി. പെൻഷന്റെ സംസ്ഥാന സർക്കാർ വിഹിതം ലഭിച്ച പലരും കേന്ദ്ര സർക്കാരിന്റെ വിഹിതത്തിനായി കാത്തിരിക്കുകയാണ്. ചിലർക്ക് രണ്ട് മാസത്തെ പെൻഷന്റെ സംസ്ഥാന വിഹിതം ലഭിച്ചെങ്കിലും ഒരു മാസത്തെ കേന്ദ്ര വിഹിതമേ കിട്ടിയിട്ടുള്ളൂ. ചിലർക്കാകട്ടെ സംസ്ഥാന വിഹിതം കിട്ടിയെങ്കിലും ഇതുവരെ കേന്ദ്ര വിഹിതം കിട്ടിയില്ല. രണ്ടും കിട്ടാത്തവരുമുണ്ട്.

ഈ മാസം മുതലാണു  വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന്, പെൻഷൻ കൈപ്പറ്റുന്നവരുടെ ഡേറ്റാബേസ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി. ഈ ഡേറ്റാബേസ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ തങ്ങളുടെ പെൻഷൻ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത്.

കേന്ദ്ര സർക്കാരിന്റെ ഒരു മാസത്തെ വിഹിതം കിട്ടിയവർക്ക് ഇനി ഒരു മാസത്തെ വിഹിതം കൂടി കിട്ടുമോ എന്നുറപ്പുമില്ല. ഇതേക്കുറിച്ച് വ്യക്തമായ മറുപടി എവിടെ നിന്നും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ഈ മാസം മുതൽ കേന്ദ്രം പരിഷ്കാരം കൊണ്ടുവന്നതിനാൽ കുടിശിക ഒഴിവാക്കി ഈ മാസം മുതലുള്ള പെൻഷൻ മാത്രമേ കേന്ദ്രം നൽകൂ എന്ന സൂചനയാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്നത്. ഇതോടെ കുടിശികയുള്ള 3 മാസത്തെ ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതം കിട്ടുന്ന കാര്യം പരുങ്ങലിലായി. സംസ്ഥാന സർക്കാർ മുൻ‌പു വിതരണം ചെയ്ത ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതമായി 460 കോടി രൂപ സംസ്ഥാന സർ‌ക്കാരിനു ലഭിക്കാനുമുണ്ട്. 

Comments

COMMENTS

error: Content is protected !!