അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ തരംതിരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. കൊടിയത്തൂര്‍ ഹരിതകര്‍മ്മസേനയുടേയും ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്സണ്‍ എ.രാജേഷ്, നിറവ് ഹരിത സഹായ സ്ഥാപനം പ്രതിനിധി പ്രസൂണ്‍ പി. തുടങ്ങിയവരുടെ നേതൃത്വത്തില്‍ തരം തിരിച്ച 660 കിലോ പ്ലാസ്റ്റിക് കവറുകളാണ് ആദ്യ ലോഡായി കയറ്റിയയച്ചത്. കുപ്പി, പേപ്പര്‍, ലെതര്‍, ഇലക്ട്രോണിക് പാഴ്‌വസ്തുക്കള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്.
അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം, തരം തിരിക്കല്‍ എന്നിവയില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍, പ്രാക്റ്റിക്കല്‍ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ ഹരിതകര്‍മസേന ശേഖരിച്ച പാഴ്വവസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ് പറഞ്ഞു. തരം തിരിച്ച് കൈമാറിയ പാഴ്‌വസ്തുക്കള്‍ക്ക് മൂല്യത്തിനനുസരിച്ചുള്ള തുക ഹരിതകര്‍മ്മസേനയുടെ അക്കൗണ്ടിലേക്ക് ക്ലീന്‍ കേരള കമ്പനി നേരിട്ട് കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കലണ്ടറടിസ്ഥാനത്തില്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനും ഇതിലൂടെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് വരുമാനം ഉറപ്പ് വരുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി 20 ഇനം പാഴ്‌വസ്തുക്കളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി ക്ലീന്‍ കേരള കമ്പനിയെ
ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മാനേജര്‍ സുധീഷ് തൊടുവയില്‍ അറിയിച്ചു.