CALICUTDISTRICT NEWS
അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് സുരക്ഷിതമായ കിടപ്പാടം നല്‍കും – മന്ത്രി എ.കെ ശശീന്ദ്രന്‍
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സ്ഥലലഭ്യത അനുസരിച്ച് ഫ്‌ളാറ്റ് രീതിയിലാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കുക. നിലവിലെ ജീവിത ചുറ്റുപാടുകള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പരിപാടിയുമായി സഹകരിച്ച് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരണ മനോഭാവത്തോടെ കൂടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട താക്കോല്‍ ദാനവും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 14 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ.് അടുത്ത രണ്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 25 കുടുംബങ്ങളെ വീതം ഓരോ ഫ്‌ളാറ്റിലും താമസിപ്പിക്കാന്‍ സാധിക്കും. ലൈഫ് പദ്ധതിയിലുള്‍പ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് മുഖ്യമന്ത്രി നടത്തുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികളുമായി ജനങ്ങള്‍ സഹകരിച്ച് മാലിന്യമുക്തകേരളം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ അജിത അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 17 ഭവനങ്ങള്‍ക്ക് പുറമേ രണ്ടാംഘട്ടത്തില്‍ 49 വീടുകളാണ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹരിതകര്‍മ്മ സേനാംഗങ്ങളെ ഉപയോഗപ്പെടുത്തി വീടുകളില്‍ നിന്ന് കഴുകി ഉണക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിച്ച് തരംതിരിച്ച് സംസ്‌കരണ പ്ലാന്റിലേക്ക് കയറ്റി അയക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ഉഷ, സ്ഥിരം സമിതി അംഗങ്ങളായ ശോഭനകുമാരി, കുമ്മങ്ങല്‍ അഹമ്മത്, ഉഷ കുമാരി കരിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഷാജി പുത്തലത്ത്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഇ സുമ, പഞ്ചായത്ത് സെക്രട്ടറി എന്‍.ആര്‍ രാധിക, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments