അടുത്ത വർഷം ആൺ സുഹൃത്തുക്കൾ കൂട്ടിനുണ്ടാവും, അപ്പോഴും കാറ്റു കടക്കാത്ത യൂണിഫോമിൽ തുടരേണ്ടിവരുമോ എന്നാണ് ആശങ്ക

കൊയിലാണ്ടി: പെൺകൂട്ടുകാരോടൊത്ത് പഠിക്കാൻ ഇനി ആൺ സുഹൃത്തുക്കളുമുണ്ടാകും. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ ലിംഗ വിവേചനമില്ലാത്ത പൊതു വിദ്യാലയമാക്കി മാറ്റാൻ തീരുമാനമായതോടെ കുട്ടികൾ ആഹ്ളാദത്തിലാണ്. അപ്പോഴും തങ്ങൾ പേറി നടക്കുന്ന ഇപ്പോഴത്തെ യൂണിഫോം അവർക്കൊരു പേടിസ്വപ്നമായി നിലനിൽക്കുകയാണ്.

വേനൽ ചൂടിൽ യൂണിഫോമിനകത്ത് പഴം പുഴുങ്ങിയ പരുവമാകുകയാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ പരാതിപ്പെടുന്നു. കാലാവസ്ഥാ സൗഹൃദമായ ഒരു യൂണിഫോമിലേക്കുള്ള മാറ്റം അവർക്കിതുവരെ സാദ്ധ്യമായില്ല. അത്തരം ഒരാവശ്യവുമായി നഗരസഭാ അധികൃതരേയും എം എൽ എ യേയുമൊക്കെ കാണാൻ കാത്തിരിക്കയാണ് രക്ഷിതാക്കൾ. ആൺകുട്ടികൾ കൂടി പ്രവേശനം നേടുന്നതോടെ യൂണിഫോം പരിഷ്കരിക്കേണ്ടിവരുമെന്ന പ്രതീക്ഷയിലാണവർ. ഷൂസും ടൈയ്യുമൊക്കെയണിഞ്ഞ പാശ്ചാത്യ മാതൃകയിലേക്ക് മാറിയാൽ തങ്ങളുടെ സ്കൂളിന്റെ അന്തസ്സ് കൂടുമെന്ന ചില അദ്ധ്യാപകരുടെ അബദ്ധ ധാരണയെത്തുടർന്നാണ് ഇന്നത്തെ നിലയിൽ യൂണിഫോം പരിഷ്കരിച്ചതെന്ന് അധ്യാപകർക്കിടയിലും അഭിപ്രായമുണ്ട്.

 

നനഞ്ഞാൽ ഉണങ്ങാൻ പാടുള്ള, വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന, വായുസഞ്ചാരം കുറഞ്ഞ, ഒരു കോട് ധരിച്ചാണ് കുട്ടികൾ കൂട്ടത്തോടെ സ്കൂളിലെത്തുന്നത്. ഷോട്സും സ്കേട്ടും ധരിച്ചതിന് മേലെയാണ് കുട്ടികൾ കനം കൂടിയ വലിയ കോട്ട് ധരിക്കേണ്ടി വരുന്നത്. മഴക്കാലത്ത് കുടയുണ്ടെങ്കിലും വസ്ത്രങ്ങൾ നനഞ്ഞാണ് മിക്കവാറും കുട്ടികൾ സ്കൂളിലെത്തുക. ഒന്നോ രണ്ടോ ദിവസമെടുത്താലും ഉണങ്ങിക്കിട്ടാൻ ബുദ്ധിമുട്ടുള്ള നനഞ്ഞ കോട്ടിട്ട് ക്ലാസിലിരിക്കേണ്ടിവരുന്നതിന്റെ ദുരിതം കുട്ടികൾ സ്ഥിരമായി പരാതിപ്പെടാറുണ്ടെന്നും അദ്ധ്യാപകർ പറയുന്നു. വേനൽക്കാലത്ത് കാറ്റ് കടക്കാത്ത കോട്ടിനുള്ളിൽ പുഴുങ്ങുന്ന ചൂടനുഭവിക്കുകയാണെന്നും കുട്ടികൾക്ക് പരാതിയുണ്ട്. കോട്ടഴിച്ചു വെച്ച് ക്ലാസിലിരിക്കാൻ ചില അധ്യാപകർ അനുവദിക്കുന്നത് വലിയ ആശ്വാസമാണെന്ന് അവർ പറയുന്നു. അടുത്ത അദ്ധ്യയന വർഷത്തിൽ ആൺ സുഹൃത്തുക്കൾ വരുമ്പോൾ നമ്മുടെ കാലാവസ്ഥക്ക് പറ്റിയ ലിംഗ വിവേചനപരമല്ലാത്ത യൂണിഫോമുണ്ടാകും എന്ന പ്രതീക്ഷയിലാണവർ.

ഒരു പതിറ്റാണ്ടിലധികമായി നടത്തിയ മുറവിളികൾക്കൊടുവിലാണ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും ലിംഗ വിവേചനമില്ലാതെ കുട്ടികളെ ചേർക്കാൻ തീരുമാനമായത്. 2015 ൽ നഗരസഭാധികൃതർ സ്കൂൾ അധികൃതരുടേയും പി ടി എ യുടേയും സഹകരണത്തോടെയാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിംഗവിവേചനം അവസാനിപ്പിച്ചത്. അതോടൊപ്പം തന്നെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും ലിംഗ വിവേചനം അവസാനിപ്പിക്കാനുള നീക്കം നഗരസഭാ അധികൃതർ നടത്തിയെങ്കിലും ഈ സ്കൂളിലെ ഒരു വിഭാഗം അദ്ധ്യാപകർ പി ടി എ യുടേയും ചില ജനപ്രതിനിധികളുടയും സഹായത്തോടെ, ഈ നീക്കത്തെ ശക്തമായി എതിർത്ത് പരാജയപ്പെടുത്തുകയായിരുന്നു. തുടർന്നും പലതരം സ്വാധീനമുപയോഗിച്ച് ലിംഗ വിവേചന വിരുദ്ധ നീക്കത്തെ പരാജയപ്പെടുത്താൻ ഇവർ സംഘടിതരായി അണിനിരക്കുകയും ചെയ്തു. അവസാനം കാനത്തിൽ ജമീല എം എൽ എ യുടെ മുൻകയ്യോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ വിജയം കാണുന്നത്.

Comments

COMMENTS

error: Content is protected !!