അതിജീവന കവിതകൾ ഒരുക്കി സത്യചന്ദ്രൻ പൊയിൽക്കാവ്
കൊയിലാണ്ടി: പ്രതിരോധത്തിന്റെ കൊറോണകാലത്ത് എവിടെയും പോകാനില്ലാതെ ഒറ്റപ്പെടലിന്റ കാലത്ത് അതിജീവന കവിതകള്‍ രചിക്കുകയാണ് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. ഇതിനൊടകം അതിജീവനം, ഹൃദയ വാതില്‍, പ്രാര്‍ത്ഥന, ബംഗാളി, ഉണര്‍ത്തുപാട്ട് തുടങ്ങിയ കവിതകളാണ് രചിച്ചത്. ഇവയെല്ലാം കവിയുടെ കൂട്ടുകാര്‍ സംഗീത രൂപത്തില്‍ ഫെയ്സ്സ് ബുക്കിലൂടെ വൈറലാക്കി മാറ്റിയിട്ടുണ്ട്, സുനില്‍ തിരുവങ്ങൂര്‍, ദിവ്യ കിരണ്‍, ശ്രീജ ശ്രീ, സുസ്മിത ഗിരീഷ്, തുടങ്ങിയവരാണ് കവിതകള്‍ ആലപിച്ചത്. എന്നാല്‍ ഫെയ്‌സ് ബുക്കും, വാട്‌സ് ആപും ഇല്ലാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ടി.വിയോ, റേഡിയോയോ ഇല്ലാത്ത വീട്ടില്‍ ആകെയുള്ള ചെറിയ സെല്‍ ഫോണില്‍ സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ മാത്രമാണ് നാട്ടിലെ വിശേഷങ്ങള്‍ അറിയുന്നത്. അതിനിടയില്‍ തിരക്കഥകള്‍ തയ്യാറാക്കുന്നതായും കവി പറയുന്നു. ദിവസേനെ വീടിനടുത്തുള്ള കടയിലെത്തിയായിരുന്നു പത്ര വായന. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് മുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ പോലീസിലെ ഒരു സുഹൃത്തായ സജീവന്‍ അയനിക്കാട് ഒരു കവിത ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് യുവാക്കള്‍ അനാവശ്യമായി ചുറ്റി കറങ്ങുന്നതിനെതിരെ സംഗീതശില്പം ഒരുക്കാന്‍ വെറുതെ, വെറുതെ ചുറ്റിക്കറങ്ങല്ലെ എന്ന പേരില്‍ കവിത തയ്യാറാക്കിയിരുന്നതായി സത്യചന്ദ്രന്‍ പറഞ്ഞു.