‘വെള്ളമടി’ ഒഴിവാക്കിയാല്‍ മാനസികാരോഗ്യം മെച്ചപ്പെടും

കുറഞ്ഞ അളവിലുള്ള മദ്യപാനം അപകടകരമല്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. മദ്യപാനം പൂര്‍ണമായും ഒഴിവാക്കിയാല്‍ മാനസികാരോഗ്യം മെച്ചപ്പെടുമെന്നാണ് പുതിയ പഠനം. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇതിന്റെ ഗുണഫലം കൂടുതല്‍.

ജീവിതകാലം മുഴുവന്‍ മദ്യംവര്‍ജിച്ച പുരുഷന്മാരിലും സ്ത്രീകളിലും മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുന്ന സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി സി.എം.എ.ജെ. ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍പറയുന്നു. യു.എസിലെയും ചൈനയിലെയും ആളുകള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഇന്ത്യക്കാരിലും സമാനമായ ഫലമായിരിക്കും ഉണ്ടാകുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

ആരോഗ്യമുള്ള മസ്തിഷ്‌കം, കരള്‍, രോഗപ്രതിരോധസംവിധാനം, ഹൃദയം എന്നിവയ്ക്ക് മദ്യം വര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് മദ്യപാനമുണ്ടാക്കുക. അവരിലെ ചയാപചയ പ്രവര്‍ത്തനങ്ങളും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവും പരിഗണിക്കുമ്പോഴാണിത് -ഗുരുഗ്രാമിലെ നാരായണ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍ നവീന്‍കുമാര്‍ പറഞ്ഞു.

 

നമ്മുടെ സന്തോഷവും സുസ്ഥിതിയുമെല്ലാം നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സെറോടോണിന്റെ അളവ് മദ്യപാനം കുറയ്ക്കും. കൂടാതെ, കേന്ദ്ര നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുകയും മനോസ്ഥിതിയില്‍ മാറ്റംവരുത്തുകയും ചെയ്യും -നോയിഡയിലെ ജെയ്പീ ആശുപത്രിയിലെ ഡോക്ടര്‍ റിന്‍മെയ് കുമാര്‍ ദാസ് പറഞ്ഞു.
Comments

COMMENTS

error: Content is protected !!