CALICUTDISTRICT NEWS
അത്തോളി അങ്ങാടിയിൽ വീണ്ടും കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നു
അത്തോളി: പാവങ്ങാട്-കുറ്റ്യാടി സംസ്ഥാനപാത കടന്നുപോകുന്ന അത്തോളി അങ്ങാടിയിൽ പഴയ വ്യാപാരക്കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. മൂന്നാഴ്ചയ്ക്കിടെ ഇവിടെ ഒരുകെട്ടിടംകൂടി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ആളപായമില്ല. അറുപതുവർഷം പഴക്കമുള്ളതാണ് കെട്ടിടം. ആളുകൾ ഭയത്തോടെയാണ് ഇപ്പോൾ കെട്ടിടങ്ങൾക്കുകീഴെ നിൽക്കുന്നത്. ഇടിഞ്ഞ കെട്ടിടങ്ങൾ അറ്റകുറ്റപ്പണിചെയ്ത് വീണ്ടും നിലനിർത്താനുള്ള ശ്രമങ്ങൾക്കെതിരേ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിടം 24 മണിക്കൂറിനകം പൂർണമായും പൊളിച്ചുനീക്കണമെന്ന് ഉടമയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രശ്നം കളക്ടറുടെ ശ്രദ്ധയിലും പെടുത്തി. സമീപത്തെ പഴയകെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയും കർശനമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ പറഞ്ഞു.
സംസ്ഥാനപാതയിലെ ഏറ്റവും ഇടുങ്ങിയഭാഗംകൂടിയാണ് ഇവിടം. പാത വീതികൂട്ടുന്നതിന് അക്വിസിഷന് ഉൾപ്പെടെ സർക്കാർ 89 കോടി രൂപയുടെ പദ്ധതിപ്രഖ്യാപിച്ചിട്ടും നടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. 15 മീറ്റർ വീതിയിലായിരുന്നു നിർദിഷ്ട റോഡ് വികസനമെങ്കിലും സമ്മർദത്തെത്തുടർന്ന് അത് ഇവിടെ 12 മീറ്ററിലേക്ക് ചുരുക്കിയതായും പരാതിയുണ്ട്.
Comments