അധ്യാപികയടെ വാട്‌സ് ആപ്പ് അക്കൗണ്ട് വിദ്യാര്‍ഥി ഹാക്ക് ചെയ്തു. വേണ്ടത് ഇത്തിരി ശ്രദ്ധ
ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൌണ്ട് ഒരു വിദ്യാർഥിയുടെ ഫോണിലേക്ക് കൂടു മാറി. സംഭവം നടന്നത് കോഴിക്കോട് ജില്ലയിലാണ്. ടീച്ചറുടെ മൊബൈൽ നമ്പർ വച്ച്തന്നെ വാട്സ് ആപ്പ് അക്കൌണ്ട് സ്വന്തം ഫോണിലേക്ക് ലളിതമായി അടിച്ചു മാറ്റിയെടുത്തു.
ഇത്തരി അശ്രദ്ധയും ഓൺലൈൻ മീഡിയകൾ ഉപയോഗിക്കുമ്പോഴുള്ള കരുതലില്ലായ്മയും വലിയ അപകടങ്ങളിലേക്ക് നയിക്കാം. അക്കൌണ്ട് ഹാക്ക് ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും കുട്ടികളുടെ കൌതുകങ്ങൾക്ക് ഒരു വഴി അറിയാതെ തുറന്നു കൊടുക്കപ്പെട്ടു. സ്വന്തം ഫോണിൽ നിന്നും അക്കൌണ്ട് നഷ്ടപ്പെടുകയും അത് മറ്റ് ഒരാൾ ഉപയോഗിക്കുത് മനസിലാക്കുകയും ചെയ്തതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി. തുടന്നുള്ള അന്വേഷണത്തിലാണ് അക്കൌണ്ട് ചോർന്നത് മനസിലായത്.
സംഭവിച്ചത്.
ഓൺലൈൻ ക്ലാസ് എടുക്കെ അധ്യാപിക സ്ക്രീൻ ഷെയർ ഓപ്ഷൻ ഓൺ ചെയ്തു വെച്ചിരിക്കയായിരുന്നു. ഫോണിലോ, ലാപിലോ ഓൺലൈൻ ക്ലാസിലോ ചർച്ചകളിലോ പങ്കെടുക്കുമ്പോൾ സ്വന്തം സ്ക്രീൻ മറ്റുള്ളവർക്കും കാണാവുന്ന വിധം സെറ്റിങ്സ് ഓൺആക്കി നൽകുന്നതാണ് സ്ക്രീൻ ഷെയറിങ്. അപ്പോൾ നമ്മുടെ സ്ക്രീനിൽ തെളിയുന്നത് എല്ലാം മറ്റുള്ളവർക്ക് കാണാം.
ബ്ലാക് ബോർഡ് എന്ന ആപ് വഴി സ്കീനിൽ തെളിയുന്ന ബോർഡിൽ എഴുതുന്ന കാര്യം കുട്ടികൾക്ക് കാണാവുന്ന വിധം ഒരുക്കാൻ പോലും ഇതിൽ സംവിധാനമുണ്ട്. നെറ്റ് സ്പീഡ് ഉണ്ടെങ്കിൽ മികച്ച ക്ലാസ് അനുഭവം നൽകാൻ കഴിയുന്ന ഓപ്ഷനാണ്. പ്രയോജനപ്പെടുത്താവുന്നതുമാണ്.
എന്നാൽ, അധ്യാപിക സ്ക്രീൻ ഷെയർ ചെയ്തപ്പോൾ അവരുടെ സ്ക്രീൻ നോട്ടിഫിക്കേഷൻ കൂടി ഓൺ ആയിരുന്നു. അവർക്ക് വരുന്ന മെസേജുകൾ എല്ലാം നോട്ടിഫിക്കേഷനായി സ്ക്രീനിൽ കാണിക്കും. ഇതിൽ ഓ.ടി.പി, പിൻ നമ്പർ, മെസേജുകൾ സംബന്ധിച്ച നോട്ടിഫിക്കേഷൻ എല്ലാം വരും.
ഇത് മനസിലാക്കിയ കുട്ടി വാട്സ് ആപ് ഇൻസ്റ്റാൾ ചെയ്ത് ടീച്ചറുടെ ഫോൺ നമ്പർ കൊടുത്തു. അധ്യാപികയടെ ഫോൺ നമ്പറിൽ വരുന്ന ഓ.ടി.പി അടിച്ചാൽ മാത്രമേ വാട്സാപ്പിൽ കയറാൻ പറ്റുകയുള്ളൂ. സ്ക്രീൻ ഷെയർ ഓൺ ആയിരുന്നതിനാൽ അത് എളുപ്പമായി. നോട്ടിഫിക്കേഷൻ ഓൺ സ്ക്രീൻ ആയിരുന്നതിനാൽ ഫോൺ തുറക്കാതെ തന്നെ ഓ.ടി.പി വായിച്ചെടുക്കാം. ഇങ്ങനെ ടീച്ചറുടെ സ്ക്രീനിൽ കണ്ട ഓ.ടി.പി നൽകി കുട്ടി ലോഗിൻ ചെയ്തു. ഇതോടെ അധ്യാപികയടുെ വാട്സ് ആപ്പ് വിദ്യാർഥിയുടെ ഫോണിലേക്ക് മാറി. രണ്ടു ഫോണുകളിൽ അക്കൌണ്ട് വർക്ക് ചെയ്യില്ല. അതിനാൽ അധ്യാപികയുടെ ഫോണിലെ അക്കൌണ്ട് ബ്ലോക്കാവുകയും ചെയ്തു.
ശ്രദ്ധിക്കേണ്ടത്.
സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ ഇത്തരത്തിൽ ഒ ടിപി വഴി വാട്സ്ആപ്പ് അക്കൗണ്ടും മറ്റും ചോർത്തുന്നത് തടയാൻ മുൻകരുതൽ സ്വീകരിക്കാവുന്നതാണ്. ഒപ്പം സ്ക്രീനിൽ ഇത്തരത്തിൽ നോട്ടിഫിക്കേഷനുകളൊന്നും സ്ക്രീൻ ഷെയറിങ് സമയത്ത് ദൃശ്യമാവില്ല എന്ന് ഉറപ്പിക്കയും ചെയ്യാം.
ഓൺലൈൻ ക്ലാസ്സുകളുടെയും മറ്റും സമയത്ത് സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ഡിസേബിൾ ചെയ്തു വയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. വിശേഷിച്ചും ഓൺ സ്ക്രീൻ നോട്ടിഫിക്കേഷൻ.
വാട്സ്ആപ്പ് അക്കൗണ്ട് പെട്ടെന്ന് ആരും ചോർത്താതിരിക്കാൻ അതിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യാം. അപ്പോൾ പുതിയ ഒരു ഫോണിൽ നിങ്ങളുടെ വാട്സ്ആപ്പ് തുറക്കണമെങ്കിൽ ഒടിപിക്ക് പുറമെ നിങ്ങൾ നൽകിയ ഒരു ആറക്ക പാസ്വേഡ് കൂടി നൽകേണ്ടി വരും.
ഒപ്പം ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ ഒടിപി നമ്പറുകളോ സംശയകരമായ മറ്റ് സന്ദേശങ്ങളോ വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ലതായിരിക്കും.
ഭയപ്പെടാതിരിക്കേണ്ടത്.
ഓൺലൈൻ മീഡിയകൾ എല്ലാം ഇപ്പോൾ മികച്ച സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ്.
ബഹുതല സെക്യൂരിറ്റി സംവിധാനങ്ങൾ ഓരോന്നിലും ലഭ്യമാണ്
അടിസ്ഥാന കാര്യങ്ങളിലുള്ള അശ്രദ്ധയും അറിവില്ലായ്മയും പക്ഷെ പഴുതുകൾക്ക് ഇടനൽകും.