അനധികൃത മത്സ്യവിൽപന നിർത്തിവെപ്പിച്ചു


കോഴിക്കോട് വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിൽ നടന്നുവന്നിരുന്ന അനധികൃത മത്സ്യവിൽപന ഫിഷറീസ്  വകുപ്പ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി.ഡയറക്ടർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി.  കോവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല മത്സ്യബന്ധന തുറമുഖങ്ങൾ വഴി നിയന്ത്രിത മത്സ്യവിപണനം  മാത്രം നടത്തണമെന്നാണ്  സർക്കാർ ഉത്തരവ്.  മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെ (ഏപ്രിൽ 23) പുലർച്ചെ  വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിലെത്തിയ വള്ളങ്ങൾക്ക് അധികൃതർ ടോക്കൺ നൽകി പുതിയാപ്പ തുറമുഖത്തേക്ക് വിൽപ്പനക്കായി അയച്ചു.

പുതിയാപ്പ ഹാർബർ മാനേജ്മെൻറ് കമ്മറ്റി അംഗവും മത്സ്യഫെഡ് ഭരണസമിതി അംഗവുമായ സി.പി.രാമദാസൻ്റെ നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങളായ വി.കെ.മോഹൻദാസ്, വി.ഉസ്മാൻ, ഹാറൂൺ, സുന്ദരൻ, ഹാർബർ എഞ്ചിനീയറിങ്ങ് – മത്സ്യഫെഡ് – ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നിയന്ത്രിത മത്സ്യ വിൽപനയിൽ പങ്കാളികളായി.  കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാർ, വാർഡ് കൗൺസിലർ കെ. നിഷ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.  95 പരമ്പരാഗത വള്ളങ്ങളിൽ നിന്നായി 2,20,000 രൂപയുടെ മത്സ്യവിൽപ്പന നടത്തി.  കോതിപ്പാലം മുതൽ കോരപ്പുഴ വരെയുള്ള പരമ്പരാഗത വള്ളങ്ങൾ മത്സ്യവുമായി പുതിയാപ്പ ഹാർബറിലേ കരക്കടുപ്പിക്കാവൂ എന്നും ലംഘിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

Comments
error: Content is protected !!