അനിയന്ത്രിത വിലവർധന ; കെട്ടിട നിർമാണമേഖല പ്രതിസന്ധിയിൽ
വടകര: കോവിഡ് കാലം സമ്മാനിച്ച സാമ്പത്തിക മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടുന്ന നിർമാണമേഖലക്ക് ഇരുട്ടടിയായി കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലവർധന.
സിമന്റ്, കമ്പി, ഇലക്ട്രിക്കൽ, പ്ലംബിങ് സാമഗ്രികൾ, ജി.ഐ പൈപ്പ് എന്നിവയുടെ വില വർധനയാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 55 രൂപ ഉണ്ടായിരുന്ന ഇരുമ്പ് കമ്പിക്ക് 60 ശതമാനത്തോളമാണ് വർധന ഉണ്ടായത്. കമ്പി വില വർധിച്ച് ഇപ്പോൾ 88 ൽ എത്തി.
സിമന്റ് വില 380 രൂപയിൽ നിന്നും 440 രൂപയായും വർധിച്ചു. അവശ്യ വസ്തുക്കളുടെ ലഭ്യത കുറച്ച് വില വർധിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. പ്ലംബിങ്, ഇലക്ട്രിക് തുടങ്ങിയ സാധനങ്ങളുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. വില വർധന കാരണം പാവപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള ലൈഫ് പദ്ധതിയിലെ വീട് നിർമാണം പോലും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിർമാണ സാമഗ്രികളുടെ വില നിയന്ത്രണത്തിന് സർക്കാർ നടപടി സ്വീകരിച്ച് ന്യായമായ വിലക്ക് സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികൾ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് തൊഴിൽ മേഖല പതുക്കെ ഉണരുമ്പോഴാണ് വില വർധന കടുത്ത പ്രതി സന്ധിക്കിടയാക്കുന്നത്.