ഖത്തറിനെ വിസ്‌മയിപ്പിക്കാൻ  പതിനേഴടി നീളവും ആറടി ഉയരവുമുള്ള  ബൂട്ട് തയ്യാറായി

കോഴിക്കോട്:ലോകകപ്പിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള  ഭീമൻബൂട്ട്‌ ഖത്തറിനെ വിസ്‌മയിപ്പിക്കും. ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനായി  പതിനേഴടി നീളവും ആറടി ഉയരവുമുള്ള  ബൂട്ട് തയ്യാറായി. പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം ദിലീഫിന്റെ മേൽനോട്ടത്തിൽ ഐമാക്സ് ഗോൾഡ്  റൈസ് ഇൻഡസ്ട്രീസാണ്‌ നിർമിച്ചത്‌.  ഖത്തറിൽ പ്രദർശിപ്പിക്കുന്നതിന്‌ മുന്നോടിയായി ഞായറാഴ്ച വൈകിട്ട് കോഴിക്കോട് കടപ്പുറത്ത്‌  ബൂട്ട്‌ പ്രദർശിപ്പിക്കും. കൾച്ചറൽ സ്റ്റേജിൽ  വൈകിട്ട് അഞ്ചുമുതൽ ഒമ്പതുവരെയാണ് പ്രദർശനം. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യും.  അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലാണ്‌  ഖത്തറിൽ ബൂട്ട് സ്വീകരിക്കുക. ഫോക്കസ്‌ ഡയരക്ടർ അസ്‌കർ റഹ്മാന് മന്ത്രി അഹമ്മദ് ദേവർകോവിലിന്‌  കൈമാറും.  
ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ്‌ എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്‌. 12 ലക്ഷം രൂപയാണ്‌  ചെലവ്‌.   ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടുമെന്ന്‌ നിർമാതാക്കൾ പറഞ്ഞു.  ഖത്തറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലെല്ലാം പ്രദർശിപ്പിക്കും.
  1981ൽ വലിയങ്ങാടി ആസ്ഥാനമായി ആരംഭിച്ച ഐമാക്സ് ഗോൾഡ്‌ ഗ്രൂപ്പ്‌ അരി വ്യാപാരരംഗത്തെ രാജ്യത്തെ മുൻനിരക്കാരാണ്. വാർത്താസമ്മേളനത്തിൽ ഐമാക്സ് ഗോൾഡ് ചെയർമാൻ  സി പി അബ്ദുൽ വാരിഷ്, സിഇഒ അബ്ദുൽ ബാസിത്, മജീദ് പുളിക്കൽ, ഷമീർ സുറുമ എന്നിവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!