അനിൽ പനച്ചൂരാന്റെ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില വഷളായതോടെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ്‌ സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുമാണ് കേസ് ഫയൽ ചെയ്തതെന്നും കുടുംബം പറഞ്ഞു.

പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കായംകുളത്തെ വസതിയിലേക്ക് കൊണ്ട് പോകും. കൊവിഡ്‌ മാനദണ്ഡപ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പൊലീസ് അന്വേഷണത്തിന് ശേഷമേ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരൂ.

Comments

COMMENTS

error: Content is protected !!