അനുമതിയില്ലാതെ ആരുടെയും വിവരങ്ങള്‍ ചോര്‍ത്താം, കുറ്റകൃത്യ നിയന്ത്രണത്തിന് പുതിയ ബിൽ പരിഗണനയിൽ
മുന്‍കൂര്‍ അനുമതിയില്ലാതെ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പൊലീസിനെ അനുവദിക്കുന്ന ‘കേരളാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്’ (KCOOCA) കേരള സംസ്ഥാന സര്‍ക്കാരിൻ്റെ പരിഗണനയില്‍.
സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്ന അനുമതിക്ക് കീഴിൽ ഏത് വിധത്തിലുള്ള വിവരങ്ങളും അനുമതിയില്ലാതെ കൈക്കലാക്കാന്‍ പൊലീസിനെ അനുവദിക്കുന്നതാണ് പരിഗണനയിലുള്ള ബില്‍ എന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടിത കുറ്റകൃത്യം തടയുന്നത് ലക്ഷ്യമിടുന്ന ബില്ലിൻ്റെ ഡ്രാഫ്റ്റ് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമിതി വിലയിരുത്തും.
ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണ ചുമതലയുള്ളവരുടെ അപേക്ഷയില്‍ എ ഡി ജി പിയില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് ചോർത്തലിനുള്ള അനുമതി നല്‍കാം. വിവരങ്ങള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളില്‍ അപേക്ഷ നല്‍കിയാലും മതിയാകും.
ശബ്ദ സന്ദേശങ്ങള്‍, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ എന്നിവ ഇങ്ങനെ നിരീക്ഷിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. വാട്സ് ആപ്, ഫേസ്ബുക്ക്, ഇ- മെയിൽ, ഇൻസ്റ്റ, എന്നിങ്ങനെ ഇലക്ട്രോണിക് ആശയ വിനിമ മാർഗ്ഗങ്ങളിൽ എല്ലാം പൊലീസിന് കയറി കൂടാം.
അടിയന്തര സാഹചര്യം എ ഡിജിപി യ്ക്ക് ബോധ്യപ്പെടുന്ന പക്ഷമാകും ചോർത്തൽ അനുമതി നല്‍കുക. സംസ്ഥാനത്തിൻ്റെ സുരക്ഷ, സംസ്ഥാന താത്പര്യം എന്നിവയ്‌ക്കെതിരെയുള്ള ഗൂഢാലോചന, ഏതെങ്കിലും വ്യക്തിയുടെ മരണം, മുറവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിക്കേഷന്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാം.
വിവരശേഖരത്തിനുള്ള അനുമതി നല്‍കാതിരിക്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്താല്‍ ചോര്‍ത്തല്‍ നടപടികള്‍ നിര്‍ത്തണമെന്നും ഡ്രാഫ്റ്റ് നിര്‍ദേശിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ കഴിയുമെങ്കില്‍ റിക്കോഡ് ചെയ്യണമെന്നും ഇവ ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുകളാകുമെന്നും ബില്ലില്‍ പറയുന്നുണ്ട്. സാധാരണ നിലയില്‍ ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന എസ് പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ ഇങ്ങനെ വിവിരങ്ങള്‍ ശേഖരിക്കാനുള്ള അപേക്ഷ നല്‍കാം.
സോഷ്യല്‍ മീഡിയ വഴിയും മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും ഒറ്റയക്കും അല്ലാതെയുമുള്ള വിധ്വംസക സന്ദേശങ്ങളും മറ്റും കൂടിവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു നിയമം പരിഗണിക്കുന്നത് എന്നാണ് വിശദീകരണം.
രാജ്യത്തെ പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മന്ത്രിമാര്‍ എന്നിങ്ങനെ ഉന്നത ബന്ധങ്ങൾ ഉള്ളവരടക്കം 142 പ്രമുഖരുടെ വിവരങ്ങള്‍ നിഗൂഡ മാർഗ്ഗത്തിൽ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദേശീയ രാഷ്ട്രിയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇനിതിനിടയിലാണ് കേരളം ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
Calicut Post Special Reporter