അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് കോഴിക്കോട് റൂറൽ എസ്പി ക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ കർശന ഉത്തരവ്

അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് കോഴിക്കോട് റൂറൽ എസ് പ്പിക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ കർശന ഉത്തരവ്. അഴിയൂർ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളിൽ വെച്ച് അപകടങ്ങൾ ക്ഷണിച്ച് വരുത്തും വിധം ചോമ്പാല പോലീസ് നടത്തി വന്ന വാഹന പരിശോധനയ്ക്കെതിരെ അഴിയൂർ ഗ്രാമ പഞ്ചായത്ത് എസ്ഡിപിഐ മെമ്പർ സാലിം പുനത്തിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിൻ്റെ നടപടി.

ദേശീയപാതയിലെ മാഹി – മുഴപ്പിലങ്ങാട് ബൈപാസിലെ അഴിയൂർ അടിപ്പാലത്തിന് ഉള്ളിൽ പാർകിംഗ് നിരോധിച്ച് ബോർഡ് സ്ഥാപിച്ചിടത്ത് വെച്ച് ചോമ്പാല പോലീസ് നടത്തി വന്ന പരിശോധനയ്ക്കെതിരെ സാലിം പുനത്തിൽ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് മാസത്തിന് ശേഷം പോലീസ് വീണ്ടും പരിശോധന തുടർന്നു. ശേഷമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഇത് സംബന്ധിച്ച് കമ്മീഷൻ പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. പരാതിക്കാരൻ്റെ വീട്ടിലേക്ക് വൺവേ തെറ്റിച്ച് പോവാൻ വേണ്ടിയാണ് പരാതിക്കാരൻ പരാതി സമർപ്പിച്ചതെന്ന വ്യാജ വിവരങ്ങളായിരുന്നു ആ സമയം കമ്മീഷന് മുന്നിൽ പോലീസ് സമർപ്പിച്ചത്. ഇത് തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ സാലിം പുനത്തിൽ കമ്മീഷന് മുന്നിൽ ഹാജരാക്കിയിരുന്നു.

തുടർന്നാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന തരത്തിലും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിലും വളവുകളും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന നടത്തരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകാൻ കോഴിക്കോട് റൂറൽ എസ് പി ക്ക് കമ്മീഷൻ ഉത്തരവ് നൽകിയത്. പൊതു വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധിക്കെതിരെ ഒരു ഭരണഘടന സ്ഥാപനത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ രേഖയായി നൽകിയ ചോമ്പാല പോലീസിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്ക് പരാതി നൽകുമെന്ന് സാലിം പുനത്തിൽ പറഞ്ഞു

Comments

COMMENTS

error: Content is protected !!