കിടപ്പിലായ രോഗികളുടെ വാക്‌സിനേഷന്‍  ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി


കിടപ്പിലായ രോഗികളുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. നടപടികളുടെ ഏകോപനത്തിന് ജില്ലാ സാമൂഹ്യനീതി വകുപ്പനേയും വനിതാശിശു വികസന വകുപ്പിനെയും ചുമതപ്പെടുത്തി.

ജില്ലയില്‍ രോഗവ്യാപന തോത് കുറവ് വന്നിട്ടുണ്ടെങ്കിലും വീണ്ടും വര്‍ധനവിലേക്ക് പോകാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവരെ പരിശോധനയിലൂടെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്ന രീതി കൃത്യമായി പിന്‍തുടര്‍ന്ന തദ്ദേശസ്ഥാപനങ്ങളില്‍ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവ് വന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കും.

തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുന്നതിനായി ‘ടെസ്റ്റിംഗ് പ്ലാന്‍’ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച്് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം കൊവിഡ് ടെസ്റ്റ് ഉണ്ടാകും. ഒരു ദിവസം മൊബൈല്‍ടെസ്റ്റിംഗ് യൂണിറ്റും ഒരു ദിവസം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ചു ദിവസം ഓരോ പഞ്ചായത്തിലും കൊവിഡ് പരിശോധനാ സൗകര്യമുണ്ടാകും. ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികരിച്ചാല്‍ അവിടങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ വഴി കൂടുതല്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ നടപടികള്‍ ദിവസേന അവലോകനം ചെയ്യും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് ടെസ്റ്റ്, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, രോഗ ലക്ഷണമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, ഡി.സി.സികളിലേക്കും എഫ്.എല്‍.ടി.സികളിലേക്കും മാറ്റി പാര്‍പ്പിക്കല്‍, പട്ടികജാതി-പട്ടിക വര്‍ഗ കോളനികളിലെ പ്രതിരോധ നടപടികള്‍, അതിഥി തൊഴിലാളി സംരക്ഷണം എന്നീ കാര്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍റൂമിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്റെ മേല്‍നോട്ടത്തിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ഓണ്‍ലൈനായി നടന്ന  യോഗത്തില്‍ ഡി.എം.ഒ ഡോ. ജയശ്രീ.വി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!