അമിത വില; സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന


കോഴിക്കോട്‌: അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് ജില്ലാ ഭരണകൂടം നിശ്ചയിച്ച പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരത്തില്‍ കൂടുതല്‍ ചില സ്ഥാപനങ്ങള്‍ വില ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.

നടക്കാവ് ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊണ്ട് പല സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. പരിശോധനയില്‍ അമിത വില ഈടാക്കുന്നത് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

സ്ഥാപനത്തില്‍ മുളക്, വെളിച്ചെണ്ണ, ആട്ട തുടങ്ങിയ അവശ്യസാധനങ്ങള്‍ക്ക് 100 രൂപ മുതല്‍ 180 രൂപ വരേ ലാഭം എടുക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഫ്‌ളെയ്ങ് സ്‌ക്വാഡ് ഡെപ്യുട്ടി കണ്‍ട്രോളര്‍ എസ്.ഡി സുഷമന്‍ അറിയിച്ചു. ജില്ലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അമിത വിലയും പൂഴ്ത്തിവയ്പ്പും കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അദേഹം പറഞ്ഞു.

ജില്ലയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുക്കാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ഏകീകൃത വില നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിന് വിരുദ്ധമായാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയില്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിതകുമാരി, ജില്ലാ സപ്ലൈ ഓഫീസര്‍ ശിവകാമി അമ്മാള്‍, ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളര്‍ ശ്രീമുരളി, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് വി. എന്‍ സന്തോഷ്‌കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഡി.എസ് സത്യജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Comments

COMMENTS

error: Content is protected !!