Uncategorized

അമ്മയും കുഞ്ഞും മരിച്ചതിൽ ചികിൽസാ പിഴവില്ല,ഏത് അന്വഷണവും നേരിടാൻ തയാറാണെന്ന്  ആശുപത്രി അധികൃതർ

പാലക്കാട് : കഴിഞ്ഞ ദിവസം  നവജാത ശിശുവും അമ്മയും മരിക്കാനിടയായതിൽ പിഴവില്ലെന്ന് വിശദീകരിച്ച് പാലക്കാട് തങ്കം ആശുപത്രി അധികൃതർ രംഗത്ത്. ഐശ്വര്യയുടെ കുഞ്ഞിന്‍റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിരുന്നു. പ്രസവ സമയത്ത് ഹൃദയമിടിപ്പ് നോക്കുന്നുണ്ടായിരുന്നു. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടർന്ന് ശിശു രോഗ വിദഗ്ധന്‍റെ സഹായത്തോടെ എം ഐ സി യുവിൽ ചികിൽസ നൽകി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല.തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ഐശ്വര്യയുടെ ബന്ധുവായ രേഷ്മയ്ക്ക് കൈമാറി. ബന്ധുക്കളെ അറിയിക്കാതെ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്തെന്ന ആരോപണവും ആശുപത്രി അധികൃതർ തള്ളി. കുഞ്ഞിന്‍റെ മൃതദേഹം രേഷ്മക്ക് നൽകിയെന്ന് വ്യക്തമാക്കുന്ന രേഷ്മ ഒപ്പിട്ട രേഖകൾ ആശുപത്രിയിലുണ്ടെന്നും തങ്കം ആശുപത്രി എം ഡി ആർ. രാജ്‌മോഹൻ നായർ പറഞ്ഞു. 

പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ഐശ്വര്യയ്ക്ക് രക്തസ്രാവം തുടങ്ങി . രക്തസ്രാവം കുറയ്ക്കാനുള്ള മരുന്നുകളും ചികിൽസയും നൽകിയെങ്കിലും അത് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന വിവരം ബന്ധുക്കളെ അറിയിച്ചു.രക്തം നൽകേണ്ടി വരുമെന്നതുൾപ്പെടെ ഉള്ള കാര്യങ്ങളും ബന്ധുക്കളെ അറിയിച്ചു. ഇതിനെല്ലാം അനുമതിയും ബന്ധുക്കളിൽ നിന്ന് വാങ്ങിയെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. 

ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. അതിനുശേഷം തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി. ശസ്ത്രക്രിയ വിദഗ്ധൻ,ജനറൽ മെഡിസിൻ ഡോക്ടർ, ഹൃദ്രോഗ വിദഗ്ധൻ,നെഫ്രോളജിസ്റ്റ് അങ്ങനെ വിദ്ഗധരടങ്ങുന്ന ഒരു സംഘം ആണ് ഐശ്വര്യയെ ചികിൽസിച്ചതെന്നും ആശുപത്രി എം ഡി പറയുന്നു.പിന്നീട്  വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. 

ചികിൽസ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റേയും മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രിയിൽ സംഘർഷം ഉണ്ടായി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ പിഴവ് ഉണ്ടായോ എന്നതിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടക്കം കിട്ടിയാലേ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ കഴിയൂ. 

അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button