അറുനൂറിലധികം സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറികൾ ഒരുക്കി- മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്കൂളുകളിൽ ഈ വർഷം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചെലവഴിച്ച് 440 പ്രീ പ്രൈമറികളെ ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. അതോടൊപ്പം സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 328 പ്രീ പ്രൈമറി സ്കൂളുകൾക്ക് എസ്.എസ്.കെ മുഖേന ഒരു ലക്ഷം രൂപ വീതം അനുവദിച്ച് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമവും നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച വിഭാ​ഗങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയാണെന്നും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിലും രാജ്യത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിന് അനുയോജ്യമെന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ മാതൃകാ പ്രീപ്രെെമറി വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് എസ്.എസ്.കെ മേലടി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 11 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ പ്രീപ്രെെമറി നിർമ്മിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറിയിലൂടെ ശാസ്ത്രീയവും സമഗ്രവുമായിട്ടുള്ള വിദ്യാഭ്യാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഔട്ട് ഡോര്‍ പ്ലേ ഏരിയ, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ് മുറികള്‍, നിര്‍മാണ ഇടം, വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം, അരങ്ങ്, ഭാഷായിടം, ഹരിതോദ്യാനം, കളിയിടം തുടങ്ങി 13 കോര്‍ണറുകളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്. ജില്ലയിൽ 79 സർക്കാർ അംഗീകൃത പ്രീപ്രൈമറികളാണുള്ളത്. അതിൽ 46 സ്കൂളുകളിലെ പ്രീപ്രെെമറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 11 ലക്ഷം രൂപ വീതം അനുവദിച്ചു കഴിഞ്ഞു.

ചടങ്ങിൽ തിക്കോടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഡി.പി.ഒ മനോജ് പി.പി പദ്ധതി വിശദീകരണം നടത്തി. വെെസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ വിശ്വൻ, കെ.പി ഷെക്കീല, മേലടി ബ്ലോക്ക് പഞ്ചായത്തം​ഗം വി.പി റംല, ഗ്രാമപഞ്ചായത്തം​ഗങ്ങൾ, മേലടി ഉപജില്ലാ എ.ഇ.ഒ പി.വിനോദ്, മേലടി ബി.ആർ.സി ബി.പി.സി അനുരാജ് വി, ട്രെയിനർമാരായ അനീഷ്  പി, സുനിൽകുമാർ കെ, സി.ആർ.സി കോർഡിനേറ്റർ ഷീന ബി, ഹെഡ്മിസ്ട്രസ് രോഷ്നി എ.ആർ, പി.ടി.എ പ്രസിഡന്റ് പ്രജീഷ് നല്ലോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!