CALICUTDISTRICT NEWS

അലന്റെയും താഹയുടെയും വീട് സി.പി.ഐ-സി.പി.എം. നേതാക്കൾ സന്ദർശിച്ചു

കോഴിക്കോട്: യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വീടുകൾ സി.പി.ഐ-സി.പി.എം. നേതാക്കൾ സന്ദർശിച്ചു. പന്തീരാങ്കാവ് മൂർക്കനാട് താഹയുടെ വീട്ടിലെത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ മാതാപിതാക്കളും സഹോദരനുമായി സംസാരിച്ചു. പാർട്ടി കൂടെയുണ്ടാകുമെന്ന സന്ദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി സി.പി. മുസാഫർ അഹമ്മദും ഒപ്പമുണ്ടായിരുന്നു.
സി.പി.ഐ. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും ഇരുവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു. സംസ്ഥാനത്ത് ബോധപൂർവം അരാജകത്വം സൃഷ്ടിക്കുന്ന ശക്തികൾക്കെതിരേ അണിനിരക്കണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരേ യു.എ.പി.എ ചുമത്തിയതിന് ന്യായീകരണമില്ല. ഇത് ഇടതുമുന്നണിയുടെ നയമല്ല. കേരളത്തിലെ ജനങ്ങൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കുന്നവരും എല്ലാത്തരം പുസ്തകങ്ങൾ വായിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും പുസ്തകം വായിച്ചതിന്റെ പേരിൽ ആരെയെങ്കിലും പിടികൂടുന്നത് കാട്ടാളത്തരമാണെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി ടി.വി. ബാലനും ഒപ്പമുണ്ടായിരുന്നു.
യു.എ.പി.എ. കേസ്: വിദ്യാർഥികളുടെ വീട്ടിൽ ധനമന്ത്രിയെത്തി
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി റിമാൻഡിലായ വിദ്യാർഥികളുടെ വീട്ടിൽ ധനമന്ത്രി തോമസ് ഐസക് എത്തി. ഞായറാഴ്ച രാത്രി എട്ടോടെയാണ് അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും വീടുകളിൽ മന്ത്രി സന്ദർശനത്തിനെത്തിയത്. സന്ദർശനകാര്യം ആരെയും അറിയിക്കരുതെന്ന് സിറ്റി പോലീസിന് കർശനനിർദേശം ഉണ്ടായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോലീസ് അകമ്പടിയില്ലാതെയാണ് എത്തിയത്. അകമ്പടി വാഹനങ്ങൾ വേണ്ടെന്ന് നേരത്തേ മന്ത്രി പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button