അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി

അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. അഴിമതി ആരോപണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസിലെ ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് ആരോഗ്യവകുപ്പു സെക്രട്ടറിയടക്കം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.

കോവിഡ് കാലത്ത് പി പി ഇ  കിറ്റുകളും കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മറ്റ് മെഡിക്കല്‍ വസ്തുക്കളും വാങ്ങിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവായ വീണ എസ്. നായരാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ലോകായുക്ത ഈ പരാതി സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജന്‍ ഖൊബ്രഗഡെ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
‘ഈ പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് കോവിഡ് കാലത്ത് ഇത്തരം വസ്തുവകകള്‍ വാങ്ങിയത് ഒരു പ്രത്യേകസംരക്ഷണത്തോടെയാണ് ഈ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല’ എന്നിങ്ങനെയായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ വാദങ്ങള്‍ തള്ളി.

അഴിമതി ആരോപണം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്നത് ശരിയാണ്. ആ സംരക്ഷണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നോ ഇല്ലയോ എന്നുള്ളത് ആദ്യം അന്വേഷിക്കപ്പെടട്ടേ. പ്രത്യേക സംരക്ഷണത്തിന്റെ കാര്യം പിന്നീട് പരിഗണിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്.

ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദുരന്തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തുന്നതിനുള്ള വേളകളാക്കി മാറ്റരുതെന്നും കോടതി പറഞ്ഞത്. അന്വേഷണത്തെ ആരാണ് ഭയക്കുന്നതെന്നും കോടതി ആരാഞ്ഞു. കോടതിയുടെ ഈ നിലപാടുകളുടെ പശ്ചാത്തലത്തില്‍ ലോകായുക്തയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാനാകും.

Comments

COMMENTS

error: Content is protected !!