ആകാശംതൊട്ട’ ആ സിക്സിനുശേഷം ലോകകപ്പിൽ ആദ്യ ഇന്ത്യ–ലങ്ക പോരാട്ടം

2019 ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അയൽക്കാരായ ശ്രീലങ്കയെ നേരിടുമ്പോൾ ചരിത്രം കുറിച്ച ഒരുപിടി ഇന്ത്യ – ശ്രീലങ്ക ലോകകപ്പ് മൽസരങ്ങൾ കായികപ്രേമികളുടെ മനസിലേക്ക് ഓടിയെത്തും. പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോഴുള്ള വീറോ വാശിയോ ഇന്ത്യ– ലങ്ക മൽസരങ്ങൾക്കില്ലെങ്കിലും ലോകകപ്പ് ക്രിക്കറ്റിന്റെ ഓർമപുസ്തകത്തിൽ  ഇടംനേടിയ ഒരു പിടി മൽസരങ്ങള്‍ ഇരുരാജ്യങ്ങളും കാഴ്ചവച്ചിട്ടുണ്ട്.

 

ഏകദിന ക്രിക്കറ്റിലെ ശ്രീലങ്കയുടെ ആദ്യ ജയം, കാണികളുടെ ഇടപെടലിനെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്ന ലോകകപ്പിലെ ഒരേയൊരു മൽസരം, 2011 ലോകകപ്പ് ഫൈനല്‍, ലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യയുടെ പന്തുകൊണ്ടും ബാറ്റുകൊണ്ടുമുള്ള മാസ്മരിക പ്രകടനങ്ങൾ, സൗരവ് ഗാംഗുലി– രാഹുൽ ദ്രാവിഡ് സഖ്യം പടുത്തുയർത്തിയ 318 റൺസ് റെക്കോർഡ് കൂട്ടുകെട്ട് തുടങ്ങിയ ഒട്ടേറെ നിമിഷങ്ങൾക്ക് ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് മൽസരങ്ങൾ വേദിയൊരുക്കിയിട്ടുണ്ട്
ലോകകപ്പിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത് എട്ടു തവണ. ഇതിൽ ലങ്ക നാലു തവണയും ഇന്ത്യ മൂന്നു തവണയും ജയം കണ്ടു. ഒരു മൽസരം ഫലമില്ലാതെപോയി (1992ല്‍ മഴമൂലം കളി ഉപേക്ഷിച്ചു). ഇന്ത്യയെപ്പോലെ ലങ്കയും ലോകകപ്പിലെ എല്ലാ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ആദ്യ രണ്ട് ടൂർണമെന്റുകളിൽ പങ്കെടുക്കുമ്പോള്‍ (1975, 79) ലങ്കയ്ക്ക് ടെസ്റ്റ് പദവി ലഭിച്ചിരുന്നില്ല. ഇന്ത്യ രണ്ടു തവണ ജേതാക്കളായെങ്കിൽ (1983, 2011) 1996ലെ ജേതാക്കൾ ലങ്കയായിരുന്നു. ഇതുകൂടാതെ രണ്ടു തവണ (2007, 2011) ലങ്ക റണ്ണേഴ്സ് അപ്പായിരുന്നു. ഇന്ത്യയാകട്ടെ 2003ലെ രണ്ടാം സ്ഥാനക്കാരും.
ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് പോരാട്ടങ്ങൾ
∙ 1979
ഏകദിന ക്രിക്കറ്റിലെ ആദ്യ ഇന്ത്യ– ശ്രീലങ്ക മൽസരം എന്ന പ്രത്യേകതയോടെയാണ് ഇരുരാജ്യങ്ങളും മാഞ്ചസ്റ്ററിൽ ഏറ്റുമുട്ടിയത്. പ്രാഥമിക റൗണ്ടിൽ എ ഗ്രൂപ്പിലായിരുന്നു ഇന്ത്യയും ലങ്കയും ന്യൂസിലൻഡും കരുത്തരായ വെസ്റ്റ് ഇൻഡീസും. അന്ന് ലങ്കയ്ക്ക് ടെസ്റ്റ് പദവിപോലും ഉണ്ടായിരുന്നില്ല. ടൂർണമെന്റിലെ കുഞ്ഞൻമാർ. ലോകകപ്പിലെയും ഏകദിനക്രിക്കറ്റിലെയും ആദ്യ അട്ടിമറിക്കാണ് അന്ന് മാഞ്ചസ്റ്റർ ഓൾഡ് ട്രഫോർഡ് മൈതാനം വേദിയൊരുക്കിയത്. ഇന്ത്യയ്ക്ക് 47 റണ്‍സിന്റെ തോൽവി. ഏകദിനക്രിക്കറ്റിൽ ലങ്കയുടെ ആദ്യ ജയം. നേരത്തെത്തന്നെ ഇരുരാജ്യങ്ങളും സെമി കാണാതെ പുറത്തായെങ്കിലും ഇന്ത്യയ്ക്കുമേൽ ലങ്കയുടെ ജയം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ജയത്തോടെ ലങ്കയുടെ ടെസ്റ്റ് മോഹങ്ങൾക്ക് ചിറകുവച്ചു. ഒരൊറ്റ മൽസരംപോലും ജയിക്കാതെ പോയ ഇന്ത്യയുടെ ഏക ലോകകപ്പ് ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ തോൽവിയോടെ ഇന്ത്യ ‘സ്വന്തമാക്കി’.
∙ 1992
1992ലെ അഞ്ചാം ലോകകപ്പിലാണ് ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ രണ്ടാം  മൽസരം. ഓസ്ട്രേലിയയിലെ മക്‌കേയ്‍യായിരുന്നു വേദി. കനത്ത മഴയുടെ പശ്ചാത്തലത്തിലായിരുന്നു വേദി. മൽസരത്തലേന്നും രാവിലെയുമായി പെയ്ത  മഴമൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നു. അഞ്ചു മണിക്കൂറിനുശേഷം 20 ഓവറായി പരിമിതപ്പെടുത്തി മൽസരം തുടങ്ങാന്‍ തീരുമാനമായി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവർ ചുരുക്കിയതോടെ പരമാവധി റൺസ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപിൽദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകൾ  നേരിട്ട ഇന്ത്യ ഒരു റണ്ണുമായി നിൽക്കവേ  മൽസരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം.
∙ 1996
ശ്രീലങ്ക കിരീടംചൂടിയ ടൂര്‍ണമെന്റ്. പ്രാഥമിക റൗണ്ടിലും സെമിയിലുമായി ശ്രീലങ്കയ്ക്കെതിരെ രണ്ടു മൽസരങ്ങൾ. രണ്ടിലും തോൽവി. ആദ്യ മൽസരം ഡൽഹിയിൽ. സച്ചിന്റെ സെഞ്ചുറി (137) പാഴായി. ജയസൂര്യയും തിലകരത്‍നെയും അർധസെഞ്ചുറി പൂർത്തിയാക്കി.  ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി. സെമി ഫൈനലിന് വേദിയൊരുക്കിയത് കൊൽക്കത്ത. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക്  251/8 എന്ന സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏറെ മുന്നോട്ടുപോയെങ്കിലും സച്ചിൻ വീണതോടെ കളി മാറി. 98/1 എന്ന നിലയിൽനിന്ന്  34.1 ഓവറുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ120/8. സച്ചിനടക്കം മൂന്നുപേരെയാണ് ജയസൂര്യ പവലിയനിലേക്കയച്ചത്. ഒന്നിനുപിറകെ ഒന്നായി ഇന്ത്യൻ താരങ്ങൾ മടങ്ങിയപ്പോൾ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റുംവലിച്ചെറിഞ്ഞു. കളി തടസപ്പെട്ടു. കാണികളുടെ ബഹളത്തെത്തുടർന്ന് കളി പൂർത്തിയാക്കാനാവാത്തതിനാൽ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. ഫൈനലിൽ കടന്ന ലങ്ക ഓസ്ട്രേലിയയെ കീഴടക്കി കിരീടമുയർത്തി.
∙ 1999
പ്രാഥമിക റൗണ്ട് മൽസരം. ടോണ്ടന്‍ വേദിയൊരുക്കി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ടാം വിക്കറ്റിൽ  സൗരവ് ഗാംഗുലിയും (183) രാഹുൽ ദ്രാവിഡും (145) ചേർന്ന് പടുത്തുയർത്തിയത് 318 എന്ന ലോകറെക്കോർഡ് കൂട്ടുകെട്ട്. ഇന്ത്യ 373/6. ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അന്നത്. റോബിൻ സിങ് ലങ്കയുടെ 5 വിക്കറ്റുകൾ പിഴുതപ്പോൾ ഇന്ത്യയ്ക്ക് 157 റൺസിന്റെ മിന്നുന്ന ജയം.  ഗാംഗുലി നേടിയ 183 ഇന്നും ലോകകപ്പിലെ ഇന്ത്യക്കാരന്റെ ഉയർന്ന വ്യക്തിഗതസ്കോർ. വൻ പരാജയം നേരിട്ട ലങ്കയുടെ നായകൻ അർജുന രണതുംഗെ ആ തോൽവിയെപ്പറ്റി അന്നു പറഞ്ഞ വാചകം ഇതായിരുന്നു: തോറ്റുപോയി, കരയാനാവില്ലല്ലോ.
∙ 2003
ജൊഹന്നസ്ബർഗിലായിരുന്നു ഇന്ത്യ– ലങ്ക മൽസരം. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ലങ്കയുടെ തീരുമാനം ആദ്യമേ പാളി. സച്ചിൻ–സേവാഗ് ഓപ്പണിങ് സഖ്യം നേടിയത് 153 റൺസ്. ഇന്ത്യയുടെ 292നെ പ്രതിരോധിക്കാൻ ലങ്കയ്ക്കായില്ല. 109 റൺസിന് എല്ലാവരും പുറത്ത്. ജവഗൽ ശ്രീനാഥും ആശിഷ് നെഹ്റയും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് 183 റൺസിന്റ ജയം. സെമിയിൽ കെനിയയെ തോൽപിച്ച് അത്തവണ ഇന്ത്യ ഫൈനലിൽ സ്ഥാനം നേടിയെങ്കിലും ഓസിസിനുമുന്നിൽ അടിപതറി.
∙ 2007
2003ലെ തോൽവിക്ക് നാലുവർഷത്തിനുശേഷം ലങ്ക പകരം വീട്ടി. പോർട് ഓഫ് സ്പെയിൻ വേദിയൊരുക്കി. ശ്രീലങ്കയെ 254 റൺസിന് ഒതുക്കിയെങ്കിലും ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 69 റണ്‍സിന്റെ പരാജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തുകയും രണ്ടു ക്യാച്ചുകൾ നേടുകയും ചെയ്ത മുത്തയ്യ മുരളീധരൻ  കളിയിലെ കേമനായി. അക്കുറി ലങ്ക ഫൈനലിൽ കടന്നെങ്കിലും ഓസിസ് കിരീടം സ്വന്തമാക്കി.
∙ 2011
ചരിത്രത്തിലെ ആദ്യ ഇന്ത്യ– ശ്രീലങ്ക ഫൈനല്‍. ലോകകപ്പ് വേദിയിൽ ഏഷ്യൻ രാജ്യങ്ങൾ കലാശപ്പോരാട്ടത്തിനിറങ്ങിയത് ആദ്യമായി. മുംബൈ വാങ്കടെ ആതിഥ്യമരുളി.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക ആറു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മെച്ചമല്ലായിരുന്നു. സേവാഗ് പൂജ്യവുമായി മടങ്ങി. സച്ചിൻ 18ന് പുറത്ത്. ഗൗതം ഗംഭീർ 97 റൺസും നായകൻ എം. എസ്. ധോണി പുറത്താവാതെ 91 റൺസും നേടിയപ്പോൾ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയവും ലോകകപ്പും. ഇന്ത്യൻ നായകൻ തന്നെ കലാശക്കളിയിലെ മാൻ ഓഫ് ദ് മാച്ച് പട്ടവും സ്വന്തമാക്കി.
Comments

COMMENTS

error: Content is protected !!