ആദ്യം ആധാർ; ആദ്യ ഘട്ട ക്യാമ്പുകൾ ജൂലൈ 23 ന് ആരംഭിക്കും
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന `ആദ്യം ആധാർ` സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഘട്ട ക്യാമ്പുകൾക്ക് ജൂലൈ 23 ന് തുടക്കമാകും.
0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. ജില്ലയിലുടനീളം 250 ഓളം കേന്ദ്രങ്ങളിലായി 15000 ത്തിൽപരം ആളുകൾ എൻറോൾമെന്റ് നടത്തും. ഇതിനകം ജില്ലാതല രജിസ്ട്രേഷൻ ഒരു ലക്ഷത്തോളമായി. തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന വകുപ്പ് ജെ.ഡി, സബ് കലക്ടർ,അസിസ്റ്റന്റ് കലക്ടർ ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ സന്ദർശിക്കും.
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് `ആദ്യം ആധാർ`. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്.
തദ്ദേശ സ്ഥാപനത്തിലെ ഉയർന്ന രജിസ്ട്രേഷൻ രേഖപ്പെടുത്തിയ വാർഡുകളും സമീപ വാർഡുകളും പരിഗണിച്ചാണ് ക്ലസ്റ്ററുകൾ തിരിച്ചിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ രൂപീകരിച്ച ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികളാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുക. ഐ.ടി. മിഷൻ , അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റൽ വകുപ്പ്, ഐ.പി.ബി.എസ്. എന്നിവർ എൻറോൾമെന്റ് പ്രവർത്തികൾക്കുള്ള സാങ്കേതിക പിന്തുണ നൽകും.
വാർഡ് അടിസ്ഥാനപ്പെടുത്തി ആശാവർക്കർ, അങ്കണവാടി വർക്കർമാർ എന്നിവർ നടത്തിയ വിവരശേഖരണ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന. പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ്., അങ്കണവാടി വർക്കർമാർ, നാഷ്നൽ ഹെൽത്ത് മിഷൻ എന്നിവർ നേതൃത്വം നൽകും. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ക്യാമ്പ് സെന്ററുകളായി നിശ്ചയിച്ച സ്കൂളുകളിലെ സജ്ജീകരണങ്ങൾ ഉറപ്പ് വരുത്തി.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിവിധ തല യോഗങ്ങൾ ചേർന്നു. ക്യാമ്പുകൾ സജ്ജമാണെന്നും ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു.