ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. പാന്‍ പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നതായിരുന്നു ആദായനികുതി വകുപ്പ് മുന്‍പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഈ സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 

പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നകം ഇത് പൂര്‍ത്തിയാക്കണമെന്നതായിരുന്നു അവസാന നിര്‍ദേശം. സമയപരിധിക്കുള്ളില്‍ നിര്‍ദേശം പാലിക്കാത്തവരില്‍ നിന്ന് ആയിരം രൂപ പിഴയിടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ വിവിധ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഇളവ് അനുവദിക്കുകയായിരുന്നു. ഇപ്പോള്‍  പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്.

ഇ -ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!