ആനപ്രേമികളെ നിരാശരാക്കി; മുത്തപ്പൻ പുഴയിലെ കാട്ടാന ചരിഞ്ഞു
കോഴിക്കോട്: രക്ഷാപ്രവർത്തർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ആനപ്രേമികൾക്കും നിരാശ മാത്രം ബാക്കി നൽകി; അനക്കാംപൊയിലിലെ ആന ചരിഞ്ഞു. പൊട്ടക്കിണറ്റില്‍ നിന്ന്, 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ആനയാണ് ചരിഞ്ഞത്. ജനങ്ങളും മണ്ണുമാന്തിയന്ത്രങ്ങളും കഠിനമായി പ്രയത്നിച്ചാണ് കഴിഞ്ഞ ദിവസം ആനയെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച കാട്ടിലേക്കയച്ച ആന അവശത ബാധിച്ച് സമീപത്ത് കുഴഞ്ഞു വീഴുകയായിരുന്നു. നിര്‍ജ്ജലീകരണമാണ് ആനയുടെ നില വഷളാക്കിയത്.
വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പ് മരുന്നും വെളളവും മറ്റ് സൗകര്യങ്ങളും എത്തിച്ചു നല്‍കിയിരുന്നു. അടുത്ത പകലില്‍ ആനയെ കാടുകയറ്റാമെന്ന പ്രതീക്ഷ വനംവകുപ്പുദ്ധ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. കിണറിൽ നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍, തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം ഈ ദാരുണ സംഭവം ഉണ്ടായത്. നാലു കിലോമീറ്ററോളം വനപ്രദേശത്തുകൂടെ കാൽനടയായി സഞ്ചരIന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.
വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകിയത് കൊണ്ട് രക്ഷാപ്രവർത്തനവും വൈകി. മുമ്പ് ജനവാസ മേഖലയായിരുന്ന ഇവിടെ, പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു. ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം.