റോഡിലെ പൊടിമണ്ണ് പോലും മാറ്റാതെ ടാറിങ്ങ്;ആദിവാസി കോളനിയിലേക്കുള്ള റോഡ് നിർമ്മാണം വിവാദത്തിൽ.

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനിയിലേക്ക് പൊടി മണ്ണിന് മുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ടാറിട്ട സംഭവത്തിൽ കോഴിക്കോട് കളക്ടർ ഇന്ന് (വെള്ളി) വിശദീകരണം തേടുമെന്ന് അധികൃതർ അറിയിച്ചു. കരാറുകാരൻ,നാട്ടുകാർ ജനപ്രതിനിധികൾ എന്നിവരെ ഇതിനായി കളക്ടറുടെ ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് നിർമിച്ച റോഡ് നാട്ടുകാർ കൈ കൊണ്ട് മാന്തിയെടുത്ത് പ്രതിഷേധിച്ചിരുന്നു. ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനായി അനുവദിച്ച 7.5 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ റോഡ്. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതി, ഏഴാം വർഷവും പൂർത്തിയാകാതെ തുടരുകയാണ്.

സാധാരണ നിലയിൽ ടാറിങ്ങിന് മുൻപ് മെറ്റൽ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തണം. ഇതൊന്നും ചെയ്യാതെ പൊടി മണ്ണിൽ നേരിട്ട് ടാർ ഒഴിച്ച് നിരത്തുകയായിരുന്നെന്ന് ജനങ്ങൾ പരാതിപ്പെട്ടതോടെയാണ് സംഭവം വാർത്തയായത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് ടാറിങ് ജോലികൾ നിർത്തിവെപ്പിച്ചു. പ്രദേശത്തെത്തിയ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തിയ നാട്ടുകാർ അവരുടെ മുൻപിൽ വെച്ച് കൈകൊണ്ട് ടാറിങ് പൊളിച്ചു കാണിച്ചു. തുടർന്നാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായത്.

Comments

COMMENTS

error: Content is protected !!