KOYILANDILOCAL NEWS

ആനപ്പാറ ക്വാറി സംഘർഷം. സമരസമിതി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു

കൊയിലാണ്ടി: കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ വെളളിയാഴ്ചയുണ്ടായ സംഘര്‍ത്തത്തിന്റെ പേരില്‍ സമരസമിതി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടുന്നതായി ആക്ഷേപം. സമരസമിതി നേതാക്കളെ അന്വേഷിച്ച് ഇരുപത്തിയഞ്ചോളം പോലീസുകാര്‍ വെളളിയാഴ്ച വൈകീട്ടോടെ സമരത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും വീടുകളിലെത്തി പരിശോധന നടത്തുന്നയാണ്. ആരേയും ഇതുവരെ പിടികൂടാനായിട്ടില്ല. പലരും വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായിട്ടാണറിവ്. വീട്ടിലുളള സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയാണ് പോലീസ് സംഘം പിന്‍വാങ്ങുന്നത്.വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പോലീസ് ശ്രമമെന്ന് സമരസമിതി നേതാക്കൾ ആരോപിക്കുന്നു.

കടുത്ത മനുഷ്യാവകാശ ധ്വംസനവും നരനായാട്ടുമാണ് പോലീസ് നടത്തി കൊണ്ടിരിക്കുന്നതെന്നും സമര സമിതി നേതാക്കള്‍ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. വെളളിയാഴ്ച രാവിലെ ക്വാറിയില്‍ നിന്ന് കരിങ്കല്ല് കൊണ്ടു പോകാനുളള ശ്രമം സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പോലീസുകാരെ ആക്രമിച്ചുവെന്ന കേസിലാണ് സമര സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടി ജയിലിലടക്കാന്‍ ശ്രമിക്കുന്നത്. രാത്രിയോടെ കൂടുതല്‍ പോലീസ് വീടുകളില്‍ റെയ്ഡിനെത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുമുണ്ട്..

കോവിഡ് പടരുന്ന സാഹചര്യത്തില്‍ പോലീസ് വീടുകളിലെത്തി തിരച്ചില്‍ നടത്തുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പ്രശ്‌നം ഇത്രയും വഷളായിട്ടും കീഴരിയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭാരവാഹികളോ സ്ഥലം എം.എല്‍.എയോ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്താത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. ലോറികളിൽ കല്ലു കയറ്റിപ്പോകുന്നത് തടയാൻ വെച്ച അള്ളിൽ കുടുങ്ങിയത് പോലീസ് ജീപ്പിൻ്റെ ടയറായിരുന്നു. അതാണ് പോലീസിനെ ഇത്രമേൽ പ്രകോപ്പിച്ചതെന്ന് ക്വാറി ഉടമ പറയുമ്പോൾ ഇത്തരം സമരങ്ങളെ ഏത് വിധേനയും അടിച്ചമർത്തുക തന്നെ ചെയ്യുമെന്നാണ് സർക്കാർ നിലപാടെന്ന് ഭരണകക്ഷി നേതാക്കളും പറയുന്നു. മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കീഴരിയൂര്‍.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button