CRIME

ആനവാതിലിലെ വീ കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

ആനവാതിലിലെ വീ കെയര്‍ പോളി ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരാണ് അത്തോളി പൊലീസിന്റെ പിടിയിലായത്. അത്തോളി സി.ഐ പി.കെ.ജിതേഷിന്റെയും എസ്.ഐ ആര്‍.രാജീവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇവര്‍ ആനവാതിലിലെ വീ കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരും മഴക്കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നു. ക്ലിനിക്കിന്റെ പൂട്ട് തകര്‍ത്താണ് ഇവര്‍ അകത്ത് കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ച 25,000 ത്തോളം രൂപ ഇവര്‍ മോഷ്ടിച്ചു. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ കിഷോര്‍.

മുഖം വ്യക്തമാകാതിരിക്കാന്‍ ഹെല്‍മറ്റിനൊപ്പം മാസ്‌കും ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.പി.ഒ രജീഷ്, എ.സി.പി.ഒമാരായ കെ.ഷിനില്‍, പി.ടി.രതീഷ്, കെ.എം.അനീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

നൂറ്റി അന്‍പതോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് അത്തോളി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖം ഉള്‍പ്പെടെ മറച്ചാണ് മോഷണം നടത്തിയത് എന്നതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അതേ ശരീരഭാഷയുള്ള മറ്റ് ജില്ലകളിലെ പ്രതികളുടെ ശരീരഭാഷയുമായി ഒത്ത് നോക്കുകയായിരുന്നു. കണ്ണിന്റെ പുരികം ഉള്‍പ്പെടെ സൂക്ഷ്മമായി പരിശോധിച്ചാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് പൊലീസ് എത്തിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button