DISTRICT NEWSVADAKARA
ആബിറിന് സൈക്കിൾ വേണം, നോട്ട് പുസ്തകത്തിന്റെ പേജിൽ എഴുതിയത് പോലീസ് ഇതുവരെ കാണാത്ത പരാതി
മേപ്പയ്യൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആബിറിന് തന്റെ സൈക്കിൾ ജീവന് തുല്യമാണ്. ആ സൈക്കിൾ ഇല്ലാതാവുന്ന അവസ്ഥ ആബിറിന് ആലോചിക്കാനേ വയ്യ. തന്റെ നോട്ടുപുസ്തകത്തിൽനിന്ന് ഒരു പേജ് കീറി നീല മഷിപ്പേനയെടുത്ത് ആബിർ പോലീസിന് പരാതി എഴുതി. ആ പരാതിയുമായി സ്കൂൾ യൂണിഫോമിൽ തന്നെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെത്തി. പരാതി വായിച്ച പോലീസ് ഒരുനിമിഷം സ്തംഭിച്ചു.
നിരവധി പരാതികൾ കണ്ടും കേട്ടും ശീലിച്ച പോലീസിന് ഈ പരാതി വായിച്ച് നൊന്തു.
‘എന്റെയും അനിയന്റെയും സൈക്കിൾ സെപ്റ്റംബർ അഞ്ചാം തീയതി കൊടുത്തതാണ്. ഇതുവരെയും നന്നാക്കിത്തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ ഇരുനൂറ് രൂപ വാങ്ങിച്ചിട്ടുണ്ട്. വിളിച്ചാൽ ചിലപ്പോൾ ഫോണെടുക്കില്ല. ചിലപ്പോൾ എടുത്താൽ നന്നാക്കുമെന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. പോയിഅന്വേഷിക്കാൻ വീട്ടിൽ വേറെ ആരുമില്ല. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം…’ -ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.
മേപ്പയ്യൂർ എസ്.ഐ.യെ അഭിസംബോധന ചെയ്താണ് പരാതിയെഴുതിയിരിക്കുന്നത്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എസ്.എച്ച്.ഒ. ജി. അനൂപ് പരാതി സ്വീകരിച്ചു. അന്വേഷണം നടത്തുമെന്ന് ആബിറിന് മറുപടിയും നൽകി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എൻ.പി. രാധികയെ ചുമതലപ്പെടുത്തി. ഉടൻ തന്നെ മേപ്പയ്യൂർ ടൗണിന് സമീപത്തുള്ള സൈക്കിൾ കടക്കാരനെ ബന്ധപ്പെട്ടു. അസുഖവും മകന്റെ വിവാഹത്തിരക്കും കാരണം കട തുറക്കാത്തതിനാലാണ് സൈക്കിൾ കൊടുക്കാൻ വൈകിയതെന്നാണ് മെക്കാനിക്ക് പറഞ്ഞത്. എന്തായാലും വ്യാഴാഴ്ച വൈകീട്ടോടെ സൈക്കിൾ കേടുതീർത്ത് നൽകുമെന്ന് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
മേപ്പയ്യൂർ പഞ്ചായത്തിലെ പാവട്ടുകണ്ടിമുക്കിന് സമീപം നരിക്കുനിയിൽ ഷഫീഖിന്റെയും സാജിതയുടെയും മകനാണ് ആബിർ. പിതാവ് വിദേശത്താണ്. വി.ഇ.എം.യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആബിറിന്റെയും അനുജൻ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഷിഫാദിന്റെയും സൈക്കിളുകളാണ് ഓണാവധിക്കാലത്ത് നന്നാക്കാനായി നൽകിയത്. ഇതിനുശേഷം നാലുതവണ കടയിൽ ചെന്നുനോക്കി. രണ്ടു തവണ ഉടൻ നൽകാമെന്ന മറുപടി. രണ്ടുതവണ ആളെ കണ്ടതുമില്ല. കടയിൽ എഴുതിവെച്ച നമ്പറിൽ ഫോൺ വിളിച്ചാലും കൃത്യമായ മറുപടിയില്ലാതായി. ഇതോടെ സൈക്കിൾ തിരിച്ചുകിട്ടില്ലെന്ന ആശങ്കയായി. ഇതാണ് പോലീസിനെ സമീപിക്കാൻ കാരണമായത്.
Comments