ആയിരം മാസങ്ങളിലെ പ്രാർത്ഥനയേക്കാൾ പുണ്യം ലഭിക്കുന്ന ലൈലത്തൂർ കദ്ർ ഇന്ന് ; ഇരുപത്തിയേഴാം രാവിനെ വരവേൽക്കാൻ ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങി
കോഴിക്കോട്: ആയിരം മാസങ്ങളേക്കാൾ പുണ്യമുണ്ടെന്ന് ഇസ്ലാംമത വിശ്വാസികൾ കരുതുന്ന ലൈലത്തുർ ഖദ്ർ ( വിധിനിർണ്ണയ രാവ്) പ്രതീക്ഷിക്കുന്നത് ഇന്ന്.(വ്യാഴം). ഈ ഒരൊറ്റ രാത്രി ചെയ്യുന്ന സദ്കർമ്മങ്ങൾക്ക് ദൈവത്തിൻ നിന്ന് വിലമതിക്കാനാവാത്ത പ്രതിഫലം കിട്ടുമെന്ന് വിശ്വാസികൾ ഉറപ്പിക്കുന്നു. ഏറ്റവും പുണ്യംനിറഞ്ഞതെന്നു കരുതുന്ന 27ാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് ഇസ്ലാമിക ലോകം.
ലൈലത്തുല്‍ ഖദ്ർ! (വിധി നിര്‍ണയരാവ്) ആകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന സമയമാണ് റംസാന്‍ 27ാം രാവ്. അതിന് ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്ന് ഖുര്‍ആന്‍ ഉറപ്പിക്കുന്നു. മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണ്.
പള്ളികളും വീടുകളും ഈ രാത്രി പ്രാര്‍ഥനകളുടെ നൈര്‍മല്യത്താല്‍ നിറയും. ജീവിതത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പാപമോചനം തേടാനായിരിക്കും ഓരോ വിശ്വാസിയുടെയും ശ്രമം. അതുവഴി സ്വര്‍ഗം ഉറപ്പിക്കുകയാണ് ലക്ഷ്യം.
റംസാനിലെ വിശുദ്ധരാവിനെ വരവേല്‍ക്കാന്‍ പള്ളികളെല്ലാം ഇതിനകം ഒരുങ്ങിയിട്ടുണ്ട്. മിക്കപള്ളികളിലും ഈ വ്യാഴാഴ്ചയിലെ നോമ്പുതുറയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. നോമ്പുതുറയും തറാവീഹ് നമസ്‌കാരവും കഴിഞ്ഞ് പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി ധാരാളം വിശ്വാസികള്‍ പള്ളികളില്‍ തന്നെ ഇന്ന് രാപ്പാര്‍ക്കും.
ചിലയിടങ്ങളില്‍ രാത്രി പ്രാര്‍ഥനാസംഗമങ്ങളുമുണ്ട്. പൂര്‍വികരുടെ കബര്‍സന്ദര്‍ശനം, സക്കാത്ത് വിതരണം എന്നിവയുമുണ്ടാകും. ഇരുപത്തിയേഴാംരാവ് വിടപറയുന്നതോടെ വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാവും. അന്തരീക്ഷത്തിൽ ഊദിന്റേയും അത്തറിന്റേയും സുഗന്ധം നിറയും. പുത്തൻ വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കുമായി കുട്ടികൾ മാർക്കറ്റുകൾ കയ്യടക്കും. പെരുന്നാൾ ബെയ്പ്പിനുള്ള ചട്ടവട്ടങ്ങളൊരുങ്ങും. പരസ്പരം ആലിംഗനം ചെയ്ത് റംസാൻ സന്ദേശം കൈമാറും.
“ആത്മവിശുദ്ധിയുടെ നീണ്ട ഒരു മാസക്കാലം എത്രയോ ഇബാദത്ത്കളും തസ്ബീഹുകളും പ്രാർത്ഥനകളും തഹ്‌ലീലുകളും നമ്മൾ നടത്തി. ഈ തഖ്‌വയോടു കൂടിത്തന്നെ നമുക്ക് മുന്നോട്ടു പോകാം. എല്ലാം പൊറുക്കുന്ന നാഥാ… ഞങ്ങളുടെ പിഴവുകളും കുറവുകളും പൊറുത്ത് പരിശുദ്ധ റംസാൻ അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ ഞങ്ങളേയും കുടുംബത്തേയും ഉൾപ്പെടുത്തേണമേ….. ആമീൻ.”