ആരംഭിച്ച് 33 വർഷങ്ങൾക്ക് ശേഷവും ഹയർ സെക്കണ്ടറി പ്രവേശനം കീറാമുട്ടിയായി തുടരുന്നു. അനുവദിച്ച അധിക ബാച്ചുകൾ കൊണ്ട് ജില്ലയിൽ പ്രശ്നത്തിന് പരിഹാരമാവില്ല.

കോഴിക്കോട്: ആരംഭിച്ച് 33 വർഷങ്ങൾക്ക് ശേഷവും ഹയർസെക്കണ്ടറി പ്രവേശന പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. അധിക ബാച്ചുകൾ അനുവദിച്ചത് കൊണ്ടു മാത്രം മലബാറിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാവില്ല. കോഴിക്കോട് ജില്ലയിൽ ഇപ്പോൾ അനുവദിക്കപ്പെട്ടത് 11 പുതിയ ബാച്ചുകളാണ്. ഇതിൽ തന്നെ കൊയിലാണ്ടി മണ്ഡലത്തിൽ ഒരിടത്തും അനുവദിച്ചിട്ടുമില്ല. ഇതുവഴി ജില്ലയിൽ 550 വിദ്യാർത്ഥികൾക്ക് കൂടി പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യതകളാണ് ഉരുത്തിരിയുന്നത്. നിലവിൽ 7223 സീറ്റുകളുടെ കുറവുള്ള സ്ഥാനത്താണിത്. അതായത് 550 പേർക്ക് പുതുതായി പ്രവേശനം ലഭിച്ചാലും 6673 പേർക്ക് പഠിക്കാൻ മറ്റു സൗകര്യങ്ങൾ കണ്ടെത്തേണ്ടിവരും. ഇവരെ നിലവിലുള്ള ക്ലാസുകളിൽ തന്നെ അധികമായി വിന്യസിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അൻപത് വിദ്യാർത്ഥികൾ പഠിക്കേണ്ട ഒരു ബാച്ചിൽ 65 കുട്ടികളെ വരെ പ്രവേശിപ്പിച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്താനാണ് ശ്രമം. വളരെ ഉർജ്ജസ്വലരായ കൗമരക്കാരെ അൻപതു പേരെ ഒരു ക്ലാസിലിരുത്തി പഠിപ്പിക്കുന്നത് തന്നെ അശാസ്ത്രീയമാണ് എന്ന് വിദഗ്ധ സമിതികൾ ചൂണ്ടിക്കാട്ടുമ്പോഴാണ് 65 പേരെ കുടുസ്സു മുറികളിലിരുത്തി, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠിപ്പിക്കാൻ മുതിരുന്നത്.

നേരത്തെ പ്രവേശനം നേടിയവർക്ക്, ജില്ലയിലെ മറ്റ് സ്കൂളുകളിലേക്കോ അതേ സ്കൂളിലെ തന്നെ മറ്റു ബാച്ചുകളിലേക്കോ മാറാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. തുടർന്ന് സീറ്റുകളുടെ ലഭ്യതയനുസരിച്ച് പുതിയ കുട്ടികളുടെ പ്രവേശനം ആരംഭിക്കും.

പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള മലബാറിലെ ആറ് ജില്ലകളിൽ ഈ വർഷം എസ് എസ് എൽ സി വിജയിച്ചത് 2,25,702 വിദ്യാർത്ഥികളാണ്. ഒരു ക്ലാസിൽ 50 കുട്ടികൾ എന്ന് കണക്കാക്കിയാൽ 1,44, 500 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമേ മലബാറിലുള്ളൂ. അതായത് 81, 202 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമാണ് സർക്കാർ പുതുതായി ഒരുക്കേണ്ടത്. ആറ് ജില്ലകളിലുമായി 9625 വൊക്കേഷണൽ ഹയർസെക്കണ്ടറി സീറ്റുകളുണ്ട്. ഇത് ഹയർ സെക്കണ്ടറിക്ക് തത്തുല്ല്യമാണ്. മറ്റൊരു 11,350 പേർക്ക് ഐ ടി ഐ കളിൽ പ്രവേശനം നേടാം. പോളിടെക്നിക്കുകളിൽ 4175 പേർക്ക് പ്രവേശനം ലഭിക്കും. ഇതൊക്കെ പരിഗണിച്ചാലും 56,052 കുട്ടികൾ പുറത്താകുന്ന സ്ഥിതിയാണുണ്ടാവക. ഇവരെയെല്ലാം നാലവിലുള്ള ക്ലാസുകളിൽ തിരുകി കയറ്റി ഇത്തവണയും തള്ളിനീക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അതേ സമയം തെക്കൻ കേരളത്തിൽ മിക്കവാറും സ്കൂളുകളിൽ പ്ലസ് ടു സീറ്റുകൾ സ്ഥിരമായി ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവിടെ നിന്ന് 36 ബാച്ചുകൾ ഇതിനകം മലബാറിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും അത് പലതരത്തിലുള്ള സാങ്കേതിക നൂലാമാലകൾ സൃഷ്ടിക്കുന്നുണ്ട്. സയിൻസ്, കൊമേഴ്സ് എന്നിവക്കാണ് തെക്കൻ കേരളത്തിൽ പ്രിയം എന്നാൽ മലബാറിൽ കൊമേഴ്സിനും ഹ്യുമാനിറ്റീസിനുമൊക്കെ ആവശ്യക്കാരേറെയാണ്. ഒരു ബാച്ച് മാറ്റുമ്പോൾ ആറോ ഏഴോ തസ്തികകൾ ഇല്ലാതാവും. അവരെക്കൂടി മലബാറിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല. 2027 ഓടെ ഹയർ സെക്കണ്ടി വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്നത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടാകും എന്നാണ് സർക്കാർ കണക്ക്. അതു കൂടി കണക്കിലെടുത്താണ് പുതിയ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാർ അമാന്തിക്കുന്നത്.

Comments

COMMENTS

error: Content is protected !!