ആരാധകരുടെ ഹരമായ ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ് സംഗീതലോകത്ത് നിന്ന് താല്‍ക്കാലികമായി പിന്‍മാറുന്നു
കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.
ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരുന്ന ആരാധകർക്ക് പുതിയ വാർത്ത അംഗീകരിക്കാനാകുന്നില്ല.