ആരോഗ്യസൂചികയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ കേരളം; ഏറ്റവും പിന്നിൽ യുപി

ന്യൂഡൽഹി∙നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോർട്ടിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്. 74.01 ആണ് കേരളത്തിന്റെ മാർക്ക്. യുപിക്ക് 28.61. അവസാന സ്ഥാനത്തുള്ള യുപിയേക്കാൾ രണ്ടര ഇരട്ടിയാണ് കേരളത്തിന്റെ സ്കോർ. ആരോഗ്യസൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുൻപിൽ. എന്നാൽ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് പുരോഗതിയിൽ കേരളം പിന്നോട്ടു പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക റഫറൽ യൂണിറ്റുകൾ, നിലവാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് സൂചിക വ്യക്തമാക്കുന്നത്.

 

വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ തരം തിരിച്ചാണ് സൂചിക തയാറാക്കിയത്. ലോകബാങ്കിന്റെയും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്‌ധരുടെയും സഹായത്തോടെ, സംസ്ഥാന സർക്കാരുകളുമായി വിശദമായ ചർച്ച നടത്തിയാണു നിതി ആയോഗ് റിപ്പോർട്ട് തയാറാക്കിയത്. 2015–16 അടിസ്ഥാനവർഷമായി എടുത്തുകൊണ്ടു 2017 – 18 ൽ സംസ്ഥാനങ്ങളുടെ വിവിധ ആരോഗ്യസൂചികകളിലും ഭരണ കാര്യക്ഷമതയിലുമുള്ള നേട്ടങ്ങളും കോട്ടങ്ങളുമാണു റിപ്പോർട്ടിലുള്ളത്.

 

നവജാത ശിശുമരണനിരക്ക് (ജനിച്ച് 28 ദിവസത്തിനകം 1000 കുട്ടികളിൽ എത്ര കുട്ടികൾ മരിക്കുന്നു), 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ജനനനിരക്ക് (15 മുതൽ 49 വരെയുള്ള പ്രായത്തിൽ ഒരു സ്ത്രീ ജന്മം നൽകുന്ന കുട്ടികളുടെ ശരാശരി എണ്ണം), ആശുപത്രിയിൽ പ്രസവിക്കുന്ന ഗർഭിണികളുടെ ശതമാനം, പൂർണമായി വാക്സിനേഷൻ ലഭിച്ച കുട്ടികളുടെ ശതമാനം, തൂക്കം കുറഞ്ഞ കുട്ടികളുടെ ശതമാനം (ജനനസമയത്ത് 2.5 കിലോഗ്രാമിൽ കുറവ്), ക്ഷയരോഗത്തിനും എയ്‌ഡ്സിനുമുള്ള ചികിത്സ ലഭിക്കുന്ന രോഗികളുടെ ശതമാനം തുടങ്ങിയ ആരോഗ്യ സൂചികകളും ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ എത്രകാലം ഒരു തസ്തികയിൽ സ്ഥിരമായി ജോലി നോക്കുന്നു, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ ശതമാനം തുടങ്ങിയ ഭരണകാര്യക്ഷമത നിലവാര മാനദണ്ഡങ്ങളടക്കം 23 സൂചികകളാണു പരിശോധനയ്ക്കു വിധേയമാക്കിയതെന്ന് സൂചിക തയാറാക്കിയതെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് എന്നിവർ പറഞ്ഞു.

ചെറിയ സംസ്ഥാനങ്ങളിൽ മുൻപിലുള്ള മിസോറാമിന് കേരളത്തേക്കാൾ മികച്ച പുരോഗതിയുണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡ് ആണ് മുൻപിൽ. രാജ്യത്തെ ആരോഗ്യസൂചികയിൽ മൊത്തം ഏറ്റവും മോശം പ്രകടനം ഉത്തർപ്രദേശിന്റേത് ആണ്. അടിസ്ഥാന വർഷം 33.69 ആയിരുന്നു യുപിയുടെ മാർക്കെങ്കിൽ 18–17 വർഷം അത് 28.61 ആയി കുറഞ്ഞു. കേരളത്തിന്റെ ഇൻക്രിമെന്റൽ മാർക്കിൽ (അടിസ്ഥാന വർഷത്തിൽ നിന്ന് പഠനത്തിന് ആധാരമായ വർഷവുമായുള്ള പുരോഗതി) കുറവുണ്ട്. 2015–16ൽ 76.55 ആയിരുന്നത് 2017–18ൽ 74.01 ആയി. എങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുൻപിലാണ് കേരളം. ഉത്തർ പ്രദേശ് കഴിഞ്ഞാൽ ബിഹാർ(32.11), ഒഡിഷ35.97) എന്നീ സംസ്ഥാനങ്ങളാണ് ആരോഗ്യ സൂചികയിൽ പിന്നിലുള്ളത്.

 

വലിയ സംസ്ഥാനങ്ങളിൽ ആന്ധ്രയാണ് കേരളത്തിനു പിന്നിൽ രണ്ടാം സ്ഥാനത്ത് (65.13). ആദ്യ പതിപ്പിൽ 8 ാം സ്ഥാനത്തായിരുന്ന ആന്ധ്ര(60.16) ശിശുമരണ നിരക്കു നിയന്ത്രണത്തിലും ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ കാര്യത്തിലും വലിയ കുതിപ്പാണു നടത്തിയത്. മഹാരാഷ്ട്രയാണ്(63.99) മൂന്നാം സ്ഥാനത്ത്. ആദ്യപതിപ്പിൽ രണ്ടാമതായിരുന്ന തമിഴ്നാട് 9–ാം സ്ഥാനത്തായി.

 

ചെറിയ സംസ്ഥാനങ്ങളിൽ മിസോറം (74.97) ആണ് മുൻപിൽ മണിപ്പുർ(60.60) മേഘാലയ(55.95) എന്നിവയാണ് യഥാക്രമം 2, 3 സ്ഥാനങ്ങളിൽ. ഏറ്റവും മോശം നാഗാലാൻഡ്(38.51).

 

കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡ്(63.62) ആണ് ഒന്നാമത്. ദാദ്രാ, നഗർ ഹവേലി(56.31) രണ്ടാം സ്ഥാനത്ത്. ആദ്യ പതിപ്പിൽ ഒന്നാം സ്ഥാനത്തായിരുന്ന ലക്ഷദ്വീപ് (53.54) മൂന്നാം സ്ഥാനത്താണ്. ആദ്യപതിപ്പിൽ 65.79 ആയിരുന്നു ലക്ഷദ്വീപിന്റെ സ്കോർ. ഏറ്റവും താഴെ ദാമൻ ആൻഡ് ദിയു ആണ്(41.6).

 

എങ്കിലും 2030 ലക്ഷ്യമിടുന്ന ശിശുമരണ നിരക്കിലെ കുറവ് കേരളവും തമിഴ്നാടും ഇപ്പോഴേ കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫസ്റ്റ് റഫറൽ യൂണിറ്റുകളുടെ അനുപാതത്തിലും കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതിൽ പുരോഗതിയുണ്ടാക്കി. 5 ലക്ഷം പേർക്ക് ഒരു എഫ്ആർയു എന്നതാണ് ദേശീയ അനുപാതം.

 

ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിൽ വലിയ പുരോഗതി കൈവരിച്ചവരുടെ പട്ടികയിൽ യഥാക്രമം 1, 2, 3 സ്ഥാനങ്ങളിലാണ്. അടിസ്ഥാന വർഷത്തെ അപേക്ഷിച്ചു പുരോഗതി നേടിയവരുടെ പട്ടികയിൽ കേരളം 16ാം സ്ഥാനത്താണ്. പഞ്ചാബ്, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മാനദണ്ഡങ്ങളിൽ ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനം ആന്ധ്രപ്രദേശാണ്. താഴേത്തട്ടിലുള്ള യുപി, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവ ആരോഗ്യമേഖലയിൽ താഴേയ്ക്കു പോകുന്നു എന്നാണു കണക്കുകൾ. ഈ സംസ്ഥാനങ്ങളിൽ അടിയന്തരമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിതി ആയോഗ് നിർദേശിച്ചു.

 

നവജാത ശിശുക്കളുടെ ആൺ–പെൺ അനുപാതത്തിൽ കേരളം പിന്നോട്ടു പോയി. ഛത്തീസ്ഗഡ് കേരളത്തേക്കാൾ മുൻപിലെത്തി. ഛത്തീസ്ഗഡിൽ 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികൾ ജനിക്കുമ്പോൾ കേരളത്തിൽ ഇത് 959 ആണ്. 2015–16ൽ കേരളത്തിൽ 967ഉം ഛത്തീസ്ഗഡിൽ 961ഉം ആയിരുന്നു. ഈ 2 സംസ്ഥാനങ്ങളിലുമേ 950ൽ കൂടുതൽ പെൺകുട്ടികളുടെ ജനനനിരക്കുള്ളൂ. പ്രതിരോധകുത്തിവയ്പെടുക്കുന്നതിൽ കേരളം, കശ്മീർ, ജാർഖണ്ഡ്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചു. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പുർ മാത്രമാണ് 100 ശതമാനം രോഗപ്രതിരോധ കുത്തിവയ്പുള്ളത്.

 

ജിഡിപിയുടെ 2.5 ശതമാനം ആരോഗ്യരംഗത്ത് ചെലവിടാൻ കേന്ദ്രം തയാറാകണമെന്ന് നിതി ആയോഗ് അംഗം വിനോദ് കുമാർ പോൾ നിർദേശിച്ചു. സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിൽ ബജറ്റ് വിഹിതം കൂട്ടുകയും വേണം. ശരാശരി 4.7 ശതമാനമാണ് ഇപ്പോൾ ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ഇത് 8 ശതമാനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments

COMMENTS

error: Content is protected !!