ഡോകടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഹൈക്കോടതി നിര്‍ദേശം

ഡോകടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. കർശന നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന് പ്രതികള്‍ക്ക് മനസ്സിലാകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് ആശുപത്രി ജീവനക്കാർ അക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. 

ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഡോക്ടര്‍, നഴ്‌സ്, സെക്യൂരിറ്റി മറ്റ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ നടപടി വേണം. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമർപ്പിച്ച വിവിധ ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും

ഈ വര്‍ഷം മാത്രം 137 കേസുകളാണ്  ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാൻ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും സർക്കാരിന് നിർദേശം നൽകി. വളരെ വിഷമകരമാണ് നിലവിലെ സ്ഥിതി. ആശുപത്രി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. മാസത്തില്‍ പത്ത് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ഡോക്ടര്‍മാർക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരം അഞ്ച് കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മുഴുവന്‍ ഞരമ്പു രോഗികളാണോയെന്നും കോടതി ചോദിച്ചു. ആശുപത്രികളില്‍ പോലീസ് എയിഡ് പോസ്റ്റില്ലേ? ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കും? ആക്രമിക്കരുതെന്ന് മാര്‍ഗിര്‍ദേശം നല്‍കിയിട്ട് മാത്രം കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

 

Comments

COMMENTS

error: Content is protected !!