ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയ സംഭവത്തിൽ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തി
ആലപ്പുഴ കടപ്പുറം വനിതാശിശു ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയ സംഭവത്തിൽ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് ആശുപത്രിയിൽ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം അധികൃതർ നൽകി. ബന്ധപ്പെട്ട ജീവനക്കാരി മികച്ച സർവീസ് റെക്കോർഡുള്ള ആളാണെന്നും ഇത് ആദ്യ സംഭവമാണെന്നും താക്കീതു നൽകിയിട്ടുണ്ടന്നും അധികൃതർ പറഞ്ഞു.
ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ യോഗം വിളിച്ച് ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സൂപ്രണ്ടിനു നിർദേശം നൽകി. ആശുപത്രിയിലെ അറ്റൻഡറാണ് കുഞ്ഞിനെ കൈമാറിയതെന്നും ഹൗസ് കീപ്പിങ് ജീവനക്കാരിയല്ലെന്നും ഡിഎംഒ പറഞ്ഞു. ജില്ലാ ബാല ക്ഷേമ സമിതിയുടെ നിർദേശ പ്രകാരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി വി മിനിമോളും ആശുപത്രിയിൽ എത്തി അന്വേഷണം നടത്തിയിട്ടുണ്ട്.