വാക്സിൻ സ്റ്റോക്ക് തീർന്നു. കേരളത്തിൽ കുത്തിവെപ്പ് നിലച്ചു

കേരള സർക്കാരിൻ്റെ കയ്യിലുള്ള കോവിഡ് വാക്സിനുകൾ തീർന്നു. ഒരു ഡോസു പോലും സർക്കാർ മേഖലയിൽ ലഭ്യമല്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം കൊല്ലം കണ്ണൂർ ജില്ലകളിലായിരുന്നു വാക്സിൻ ക്ഷാമം നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ ഒരു ജില്ലയിലും വാക്സിൻ ഇല്ലാത്ത അവസ്ഥയാണെന്ന് ആരോഗ്യ മന്ത്രിയെ തന്നെ ഉദ്ദരിച്ച് വാർത്തകൾ വന്നു.

കോവിഷീൽഡ് ആണ് ആദ്യം സ്റ്റോക്ക് തീർന്നത്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ല എന്ന പ്രശ്നമാണ് കേരളം നേരിട്ടത്. സ്വകാര്യ ആശുപത്രികളെ വലിയ വിലനൽകി ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഇതുവരെ സംസ്ഥാനത്ത് 1,79,03,860 ഡോസ് വാക്‌സിനുകള്‍ ലഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള 18 ലക്ഷം ആളുകള്‍ക്കും, 45 വയസിന് മുകളിലുള്ള 75% ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. 45 വയസിനു മുകളിലുള്ള കേരളത്തിലെ 35% പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചു. ഈ മാസം 18 മുതല്‍ 24 വരെ ഒരാഴ്ചയ്ക്കുള്ളില്‍ 18 ലക്ഷത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. എന്നാൽ ഓൺലൈൻ വഴി വാക്സിൻ ബുക്ക് ചെയ്യുന്നവർക്ക് പരക്കെ നിരാശയായിരുന്നു. സ്റ്റോക് തീർന്നതോടെ ഈ സംവിധാനം തീർത്തും പ്രവർത്തന രഹിതമായി.

ജൂലൈ 8 ന് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി അടിയന്തിരമായി ലഭ്യമാക്കാന്‍ സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നു. വാക്സിൻ ആവശ്യം ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എം.പിമാർ ചെവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ കണ്ടു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യം പരിഗണിക്കാം എന്ന വാഗാദാനമാണ് ലഭിച്ചത്.

Comments
error: Content is protected !!