ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി
ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. കേസിൽ എട്ടു പ്രതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഷാജഹാൻ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞ രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടി വീഴ്ത്തിയത്. സുഹൃത്ത് സുരേഷുമായി വീടിനടുത്ത് കുന്നങ്കാട്ട് ജങ്ഷനിൽ സുഹൃത്തിനൊപ്പം നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം വടി വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ വെട്ടേറ്റു. കൊലയാളി സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ് ഐആർ. സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. പൊതുദർശനത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.