മാനസയെ വെടിവെക്കാനുപയോഗിച്ച തോക്ക് നൽകിയ ബിഹാറി അറസ്റ്റിൽ

ഡെന്റല്‍ വിദ്യാര്‍ഥി പി.വി.മാനസയെ കൊലപ്പെടുത്താനുപയോഗിച്ച കള്ള തോക്ക് കൈമാറിയ വ്യക്തിയെയും സഹായിയായ ഡ്രൈവറേയും പൊലീസ് അറസ്റ്റു ചെയ്തു.

മാനസയെ കൊലപ്പെടത്തിയ ശേഷം ജീവനൊടുക്കിയ രഖിൽ ബിഹാർ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലുള്ള സോനു കുമാര്‍ മോദി എന്നയാളിൽ നിന്നാണ് തോക്ക് വാങ്ങിയത്. രഖിലിനെ സോനു കുമാറിന്റെ അടുത്ത് എത്തിച്ചത് മനേഷ് കുമാർ എന്ന ഡ്രൈവറാണ് എന്നും കണ്ടെത്തിയിരുന്നു.

രഖില്‍ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് സംഘം ബിഹാറിലേക്കു പോയി. അറുപതിനായിരത്തിലധികം രൂപ വില വരുന്ന പിസ്റ്റളാണ്.

കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനു കുമാറിനെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സോനു കുമാറുമായി ഒരു പൊലീസ് സംഘം കൊച്ചിയിലേക്കു തിരിച്ചപ്പോൾ മറ്റൊരു സംഘം ബിഹാറിൽ തുടരുകയായിരുന്നു. ഇവരാണ് മനേഷ് കുമാറിനെ പിടികൂടിയത്.

ജൂലൈ 31നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ, താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. പിന്നാലെ രഖിലും ജീവനൊടുക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!