‘ഇത് ഒന്നിന്റേയും അവസാനമല്ല, നീ നിരാശപ്പെടരുത്’

ലണ്ടന്‍: ഏറെ പ്രതീക്ഷകളുമായാണ് ശിഖര്‍ ധവാന്‍ ലണ്ടനിലേക്ക് വിമാനം കയറിയത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ധവാന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. പലപ്പോഴും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പരിക്ക് താരത്തെ വേട്ടയാടി.

 

ലണ്ടനില്‍ തന്നെ ടീമിനൊപ്പം നിന്ന് പരിക്ക് ഭേദമായ ശേഷം കളിക്കാമെന്നായിരുന്നു ഇതുവരെയുള്ള സാഹചര്യം. എന്നാല്‍ പരിക്ക് ഭേദമാകാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെ താരം നാട്ടിലേക്ക് തിരിച്ചു. പകരം ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.

 

ശിഖര്‍ ധവാനെ സംബന്ധിച്ച് വളരെ സങ്കടകരമായ തീരുമാനമായിരുന്നു അത്. ഇതിന് പിന്നാലെ ധവാന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നു. ‘ഈ ലോകകപ്പില്‍ ഇനി നീ കളിക്കില്ല എന്ന് അറിയുന്നത് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു. പക്ഷേ ഇത് ഒന്നിന്റേയും അവസാനമല്ല. നീ നിരാശപ്പെടരുത്.’ ഗംഭീര്‍ ട്വീറ്റ് ചെയ്തു.

 

നേരത്തെ തന്റെ സങ്കടം ധവാന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ട്വിറ്ററില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പിലൂടെയാണ് ധവാന്‍ ആരാധകരോട് സംസാരിച്ചത്. ഇനി ലോകകപ്പില്‍ കളിക്കില്ല എന്നു പറയുന്നത് എന്നെ വികാരഭരിതനാക്കുന്നു. നിര്‍ഭാഗ്യവശ്യാല്‍ വിരലിലെ പരിക്ക് ഭേദമാകില്ല. എങ്കിലും കളി തുടരുക തന്നെ വേണം. ഈ ഘട്ടത്തില്‍ എന്നെ പിന്തുണച്ച എല്ലാ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും നന്ദി. ഇതായിരുന്നു ധവാന്റെ കുറിപ്പ്.

 

കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. ഓസീസ് താരം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊള്ളുകയായിരുന്നു. വിരലിന് പൊട്ടലുണ്ടെന്ന് പിന്നീട് സ്‌കാനിങ്ങില്‍ വ്യക്തമായി.
Comments

COMMENTS

error: Content is protected !!