മുളകിന്‍തൈ മുതല്‍ മാവിന്‍തൈ വരെ; കര്‍ഷകരെ കാത്തിരിക്കുന്ന നടീല്‍ വസ്തുകള്‍

പടന്നക്കാട് കാര്‍ഷിക സര്‍വകലാശാല ഫാമില്‍ നടീല്‍വസ്തുക്കള്‍ വില്‍പ്പനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. മുളകിന്‍തൈ മുതല്‍ മാവിന്‍തൈകളുടെ വലിയ ശേഖരംതന്നെ ഇവിടുണ്ട്. 1916-ല്‍ നിലവില്‍വന്ന പടന്നക്കാട് തോട്ടം 1994-ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലായി. പിന്നീട് പടന്നക്കാട് കാര്‍ഷിക കോളേജിനും ഇന്‍സ്ട്രക്ഷണല്‍ ഫാമിനും വലിയ വളര്‍ച്ചയാണുണ്ടായത്. കര്‍ഷകര്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിത്ത് ഉത്പാദനം, പരിശീലനം തുടങ്ങിയവ അവിടെ നിന്ന് നല്‍കുന്നു.

 

തൈകള്‍ പലതരം

 

പടന്നക്കാട് കാര്‍ഷിക കോളേജില്‍ എല്ലാതരം നടീല്‍വസ്തുക്കളും വിളയിക്കുന്നുണ്ടെങ്കിലും മാവിന്‍ തൈകളും മാമ്പഴങ്ങളുമാണ് ‘മാസ്റ്റര്‍ പീസ്’. പടന്നക്കാടിന്റെ അഭിമാനമായ ഫിറങ്കിലടുവ മുതല്‍ അങ്ങോട്ട് ഒട്ടേറെ ഇനങ്ങളുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലെ ദക്ഷിണ കാനറ ജില്ലയില്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആര്‍.എം.സാവൂര്‍ സാഹിബാണ് ഈ ഇനം മാവിന്‍തൈ ഇവിടെ എത്തിച്ച് നട്ടുവളര്‍ത്തിയത്.

 

രണ്ടുതരം മാമ്പഴങ്ങളാണ് ഇന്ത്യയിലുള്ളത്. മുത്തിക്കുടിക്കാന്‍ പറ്റുന്നവയും മുറിച്ചുകഴിക്കുന്നവയും. അതില്‍ മുറിച്ചുകഴിക്കാന്‍ പറ്റുന്ന ഇനത്തില്‍ പെട്ടതാണ് ഫിറങ്കിലടുവ. ഇളം വെള്ളയും പച്ചയും കലര്‍ന്ന നിറമാണ് ഇതിന്. പാകമായ ഒരു മാങ്ങയ്ക്ക് 350 ഗ്രാമോളം തൂക്കം വരും. ഉള്ളില്‍ നാരില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. 75 രൂപയാണ് വില. പുതിയ തൈകള്‍ തയ്യാറാവുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

 

   പടന്നക്കാട് കാര്‍ഷിക കോളേജ് ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വില്‍പ്പനയ്‌ക്കൊരുങ്ങിയ തൈകള്‍
ബങ്കനപ്പള്ളി, അല്‍ഫോണ്‍സ, നീലം എന്നീ മാവിന്‍തൈകളാണ് ഇപ്പോള്‍ ലഭ്യമായവ. 60 രൂപയാണ് ഇതിന്റെ വില. ഇത്തരത്തില്‍ ഏകദേശം 50,000 തൈകളെങ്കിലും ഫാമില്‍ വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. രുചിയും വിളവും ഗുണനിലവാരവും കൂടുതല്‍ എന്നതാണ് പ്രത്യേകത. മാമ്പഴങ്ങളുടെ സവിശേഷത പരിചയപ്പെടുത്താന്‍ 15 വര്‍ഷമായി കാര്‍ഷിക കോളേജില്‍ മാംഗോ ഫെസ്റ്റും നടത്തുന്നുണ്ട്.

 

മാവിന്‍തൈ നടുമ്പോള്‍

 

മാവിന്‍തൈകള്‍ നടുമ്പോള്‍ രണ്ടടിവീതം നീളത്തിലും വീതിയിലും കുഴിയെടുക്കണം. മേല്‍മണ്ണ് ഒരു ഭാഗത്തും അടിമണ്ണ് മറ്റൊരു ഭാഗത്തേക്കുമാക്കണം. തുടര്‍ന്ന് മേല്‍മണ്ണ് കുഴിയിലേക്ക് ഇടുക. കാരണം മേല്‍മണ്ണിനാണ് കൂടുതല്‍ വളക്കൂറുള്ളത്. ഡോളോമൈറ്റോ കുമ്മായമോ ചേര്‍ത്ത് പുളിരസം കുറയ്ക്കാം. ചാണകപ്പൊടി ചേര്‍ത്ത് 10 ദിവസം കഴിഞ്ഞ് നടാം. നടുമ്പോള്‍ ഒട്ടിച്ച ഭാഗം മണ്ണില്‍ മുട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.

 

പച്ചക്കറിയും തയ്യാര്‍

 

പച്ചമുളക് മുതല്‍ പച്ചക്കറി തൈകള്‍ വരെ ഫാമില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. പടരുന്ന ഇനങ്ങള്‍ ഫാമില്‍ തൈകളാക്കാറില്ല. പകരം വിത്താണ് നല്‍കാറ്. പച്ചമുളകില്‍ ഉജ്ജ്വല, അതുല്യ, നാടന്‍ ഇങ്ങനെ മൂന്ന് തരമുണ്ട്. തക്കാളി ചെറുത്, വലുത് എന്നിങ്ങനെ രണ്ട് ഇനങ്ങളാണ്. ഇവയ്ക്ക് ട്രേ തൈകള്‍ക്ക് രണ്ടുരൂപയും ബാഗ് തൈകള്‍ക്ക് 10 രൂപയുമാണ് വില.

 

വഴുതിന ഉണ്ട, വയലറ്റ്, പര്‍പ്പിള്‍ എന്നിങ്ങനെ മൂന്നിനമുണ്ട്. പയര്‍, വെള്ളരി, കക്കിരി, പടവലം തുടങ്ങിയ പച്ചക്കറിവിത്തും ലഭ്യമാണ്. മഴക്കാലത്ത് പച്ചക്കറി നടുന്നത് വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് വേണം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ കുറച്ച് ഉയരത്തില്‍ മണ്ണൊരുക്കി വേണം നടാന്‍.

 

മണ്ണിലെ പുളിരസം കുറയ്ക്കാന്‍ ഡോളോമൈറ്റോ, കുമ്മായമോ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞ ശേഷം നടുന്നതാണ് ഉത്തമം. മഴക്കാലത്ത് മണ്ണില്‍നിന്ന് നൈട്രജന്‍ നഷ്ടപ്പെടുന്നതിനാല്‍ ഇടയ്ക്ക് പച്ചച്ചാണകം ചേര്‍ത്താല്‍ തൈകള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ആദ്യം ഫാക്ടംഫോസും പൊട്ടാഷ്യവും നല്‍കണം. ഇടവിട്ട് യൂറിയയും പൊട്ടാസ്യവും ചേര്‍ക്കുന്നതും നല്ലതാണ്.

 

ഇനിയുമുണ്ടേറെ

 

സപ്പോട്ട, നെല്ലി, പേര, കശുമാവ്, വാഴ, വേപ്പ്, സീതാപഴം, കറിവേപ്പ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ തൈകളും ഫാമില്‍ ലഭ്യമാണ്. സപ്പോട്ട ക്രിക്കറ്റ് ബോള്‍, ഓവല്‍ എന്നീ ഇനങ്ങളിലാണ് അറിയപ്പെടുന്നത്. തൈക്ക് 50 രൂപയാണ് വില. നെല്ലി വലുതും ചെറുതുമുണ്ട്. വില 50 തന്നെ. പേര ഒരുവര്‍ഷത്തിനുള്ളില്‍ കായ്ക്കുന്നതിന് 40 രൂപയാണ് വില. കശുമാവ് ഒന്നിന് 50 രൂപയാണ്. ജ്യോതിക, ഭാസ്‌കര, രാഘവ എന്നീ ഇനങ്ങള്‍ ഇവിടുണ്ട്.

 

കശുമാവ് വയ്ക്കുമ്പോള്‍ വലിപ്പമുള്ള കുഴിയെടുത്തതിനുശേഷം അതിനകത്ത് തൈവെക്കാന്‍ പാകത്തിന് ചെറിയ ഒരു കുഴിയെടക്കണം. അതില്‍ വളമിട്ട് തൈവെക്കണം. വലിയ കുഴി മൂടരുത്. കവുങ്ങ് മോഹിത്നഗര്‍ (35 രൂപ), മംഗള (25 രൂപ) എന്നിങ്ങനെ രണ്ടിനങ്ങളാണ്. മോഹിത്നഗര്‍ കരക്കവുങ്ങാണ്. വളം വേണ്ട. നാലുവര്‍ഷംകൊണ്ട് കായ്ക്കും. മംഗളയ്ക്ക് നനയ്ക്കണം. വലിയ അടയ്ക്കയുണ്ടാകും. ഉയരം കുറവാണ് തൈക്ക്.

 

  പടന്നക്കാട് ഫാമില്‍ വില്‍പ്പനയ്ക്കൊരുങ്ങിയ തൈകള്‍
ഫാന്‍സി കവുങ്ങിന് 15 രൂപയാണ് വില. കുരുമുളകിന്‍ തൈകളില്‍ പന്നിയൂര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ളവയും ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളും വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുരുമുളക് താങ്ങുകാലില്‍നിന്ന് ഒരടി വിട്ടുവേണം നടാന്‍. നടുന്നതിനുമുമ്പ് മണ്ണില്‍ കുമ്മായമിട്ട് പുളിരസം കളയുന്നത് നല്ലതാണ്. തൈനട്ട് കൂന പോലെയാക്കണം. വെള്ളം കെട്ടിനിന്ന് ചീഞ്ഞ് പോകാതിരിക്കാനാണിത്.

 

കൂടുതല്‍ അറിയാന്‍ വിളിക്കാം.. വിത്തിനെക്കുറിച്ചും തൈകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമിലേക്ക് വിളിക്കാം. ഫോണ്‍: 04672 281966.

 

കശുമാവിന്‍ തൈകള്‍ ഇതാ കാസര്‍കോട് ജില്ലയിലെ കുണ്ടാറില്‍ പ്രവര്‍ത്തിക്കുന്ന കശുമാവ് വികസന ഓഫീസിന്റെ കീഴിലുള്ള കശുമാവ് സന്തതി തോട്ടം ആദൂര്‍, കശുമാവ് സന്തതി തോട്ടം ഗാളിമുഖ എന്നീ ഫാമുകളില്‍ അത്യുത്പാദന ശേഷിയുള്ള ധരശ്രീ, പ്രിയങ്ക ഇനത്തില്‍പ്പെട്ട കശുമാവ് ഗ്രാഫ്റ്റുകള്‍ വില്‍പ്പനയ്ക്കൊരുങ്ങി. അല്‍ഫോണ്‍സ, മുണ്ടപ്പ്, കര്‍പ്പൂരം, ഫിറങ്കിലഡുവ, ബങ്കനപ്പള്ളി തുടങ്ങിയ ഇനത്തിലുള്ള മാവ് ഗ്രാഫ്റ്റ് തൈകളും ജാതിത്തൈയും ഇവിടെ ലഭിക്കും.

 

കശുമാവ് ഗ്രാഫ്റ്റ് ഒന്നിന് 40 രൂപ, മാവിന് 75 രൂപ, ജാതിക്ക് 75 രൂപ എന്നിങ്ങനെയാണ് വില. ഫോണ്‍: 04994 262272.
Comments

COMMENTS

error: Content is protected !!