ഇന്ന് അന്താരാഷ്ട്ര നേഴ്സുമാരുടെ ദിനം; വിളക്കേന്തിയ മാലാഖമാരുടെ രോദനങ്ങൾ ഈ ദിനത്തിലെങ്കിലും അധികാരികൾ കേൾക്കുമോ?

കോഴിക്കോട്: ഇന്ന് അന്താരാഷ്ട്ര നേഴ്സ്സസ്ദിനം. ‘വിളക്കേന്തിയ വനിത’, എന്ന് ലോകം ആരാധനാപൂർവ്വം വിളിച്ച ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണിന്ന്. മുറിവേറ്റ പട്ടാളക്കാരെ പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ ചികിത്സിച്ച നൈറ്റിംഗേലിന്റെ ഓർമ്മക്കായാണ് ഇന്ന് അന്താരാഷ്ട്ര നേഴ്സ്മാരുടെ ദിനമായി ആചരിക്കുന്നത്. നേഴ്സ്മാരേക്കുറിച്ചുള വാഴ്ത്തുപാട്ടുകൾകൊന്നും ഒരു കുറവുമില്ല. വിളക്കേന്തിയ മാലാഖമാരെന്നും സാന്ത്വന സ്പർശത്തിന്റെ ആൾരൂപങ്ങളെന്നുമൊക്കെ നമുക്ക് വാഴ്ത്തിപ്പാടാം. ലോകത്താകെ ഡോക്ടർമാർക്ക് തൊട്ടു താഴെയുള്ള തസ്തികയാണ് നേഴ്സുമാരുടേത്. മെഡിസിൻ പഠനത്തിൽ റേങ്ക് ലിസ്റ്റിൽ ഡോക്ടർമാർക്ക് താഴെയാകുന്നവരാണ് ലോകമാകെ നേഴ്സ്മാരാകുന്നത്. എന്നാൽ ഇന്ത്യയിൽ കാര്യങ്ങളൊക്കെ തലകീഴാണ്. ഡോക്ടർമാർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുമ്പോൾ നേഴ്സ്മാർ നക്കാപ്പിച്ച കൂലി വാങ്ങി ഇന്നും ജോലി ചെയ്യേണ്ട സ്ഥിതിയാണ്. എണ്ണമറ്റ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടത്തിയിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. കോവിഡ്കാലത്തും നിപ്പാ കാലത്തുമൊക്കെ ജീവൻ പോലും പണയം വെച്ച് ജോലി ചെയ്ത ഇവരോടുള്ള നമ്മുടെ കടമകൾ ലിനിയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളിൽ അവസാനിക്കാറാണ് പതിവ്.

തങ്ങൾക്കർഹതപ്പെട്ട നിയമനങ്ങൾക്ക് പോലും കണ്ണ് കെട്ടി മണ്ണിലിഴയേണ്ട ദുരവസ്ഥയിലാണിവർ. നേഴ്‌സ് ഗ്രേഡ്‌ രണ്ട് പി എസ്സി റാങ്ക് പട്ടിക നിലവിൽവന്ന് ഏഴുമാസം പിന്നിടുമ്പോഴും നിയമനം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലയിൽ 400 പേരുടെ പട്ടികയിൽ നിന്ന് 21 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. 480 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിൽ 19 നിയമനങ്ങൾ മാത്രവും. വയനാടും പത്തനംതിട്ടയിലും നിയമനങ്ങൾ രണ്ടക്കം കടന്നിട്ടില്ല.
പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ആരോഗ്യവകുപ്പ് താത്കാലിക നിയമനങ്ങൾ നടത്തുന്നതുമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നത്. മാലാഖക്കൂട്ടം, ദീപങ്ങൾ തുടങ്ങിയ പേരുകളിലാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. സ്റ്റാഫ്‌നഴ്സ് കേഡറിലെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിലും സ്ഥാനക്കയറ്റം നൽകുന്നതിലുമുണ്ടാകുന്ന കാലതാമസമാണ് ഒഴിവുകൾ യഥാസമയം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

റാങ്ക്‌ലിസ്റ്റിലെ ഭൂരിഭാഗം പേർക്കും സർക്കാർ ജോലി ലഭിക്കാനുള്ള അവസാന അവസരം കൂടിയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥകാരണം നഷ്ടമാകുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായും സാമൂഹികാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തിയിരുന്നു. എന്നാൽ ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ചില്ല. രോഗി-നഴ്സ് അനുപാതം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും താത്കാലിക നിയമനം നടത്താതെ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നുമുള്ള ഉദ്യോഗാർഥികളുടെ ആവശ്യം ഈ ദിനത്തിലെങ്കിലും അധികാരികൾ ചെവി കൊള്ളുമോ?

Comments

COMMENTS

error: Content is protected !!