ഇന്ന് (ഏപ്രിൽ 19) ചാൾസ് ഡാർവിൻ്റെ 140-ാം ചരമവാർഷികം. അതുവരെ സൃഷ്ടിവാദികൾ പ്രചരിപ്പിച്ച അസംബന്ധങ്ങളെ തന്റെ ശാസ്ത്രീയ ചിന്തകൾ കൊണ്ട് പകരം വെച്ച മഹാനായ ശാസ്ത്രജ്ഞൻ

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ബ്രിട്ടീഷ് ജീവശാസ്ത്ര‍ജ്ഞൻ, ചാൾസ് റോബർട്ട് ഡാർവിന്റെ 140ാം ചരമവാർഷിക ദിനമാണിന്ന്. ഇന്നത്തെ നിലയിൽ കോടിക്കണക്കിന് ജീവജാലങ്ങൾ എങ്ങിനെ ഉണ്ടായി എന്നും അവക്ക് പരിണാമമുണ്ടായത് എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിച്ചത് ഡാർവിനാണ്. ഡാർവിന് ശേഷം പരിണാമ പഠനങ്ങളും ജനിതക പഠനങ്ങളും ‘പുരാജീവി ശാസ്ത്ര’മെന്ന (Paleontology) പഠനശാഖയും ഏറെ മുന്നോട്ടു പോയി. ഡാർവിൻ്റെ ആ പ്രാഥമിക കണ്ടെത്തലുകൾ കൂടുതൽ ശരിവെക്കുന്നതാണ് പിന്നീടുണ്ടായ ശാസ്ത്ര വികാസ ചരിത്രം. ഡാർവിന്റെ സിദ്ധാന്തങ്ങൾ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത് ‘സൃഷ്ടിവാദികൾ’ എന്നറിയപ്പെട്ട മതപൗരോഹിത്യ സംഘ ങ്ങളേയാണ്. അക്കാലം മുതൽ അവർ ഒരുപാട് നുണകൾ ഡാർവിന്റെ സിദ്ധാന്തങ്ങളെ നിരാകരിക്കാനായി പറഞ്ഞു നടക്കുന്നുമുണ്ട്.

‘ഭൂമി സൂര്യനെ വലവയ്ക്കുന്നു’, ‘ഭൂമി ഗോളാകൃതിയിലാണ്’ എന്നീ ശാസ്ത്രത്തിന്റെ കണ്ടെത്തലിനുശേഷം ഏറ്റവുമധികം കോളിളക്കം സൃഷ്‌ടിച്ച ഒരു സിദ്ധാന്തമായിരുന്നു ഡാർവിന്റേത്. ഇത് വന്നാൽ തങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നു ഭയന്ന മതമേധാവിത്വം അതിനെ മുച്ചൂടും എതിർക്കുകയും, ഡാർവിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. 19-ാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ദൈവ സങ്കല്പങ്ങളേയും, സൃഷ്ടി വാദങ്ങളെയും പൂർണ്ണമായും കാറ്റിൽ പറത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ.

‘കുരങ്ങനിൽ നിന്നു മനുഷ്യൻ പരിണമിച്ചുവെന്നു ഡാർവിൻ പറഞ്ഞു എന്നാണ് ഇവർ ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു പൊതുപൂർവികനിൽ നിന്നാണു പിന്നീടുള്ള ജീവജാലങ്ങളെല്ലാം ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം പറയുന്നത് . അതായതു ഇരുകാലി കുരങ്ങനും (ഉദാ: ചിമ്പാൻസി) മനുഷ്യനും ഏറ്റവും സമീപകാലത്തു (10-12 ലക്ഷം കൊല്ലങ്ങൾക്കു മുമ്പ്) ഒരു പൊതുപൂർവികനിൽ ഇന്ന് പരിണമിച്ച രണ്ടു ജീവവർഗങ്ങളാണെന്നു ഡാർവിൻ സിദ്ധാന്തിച്ചു.

1809 ഫെബ്രുവരി 12-ന് ഇംഗ്ലണ്ടിലാണ് ഡാർവിൻ ജനിച്ചത്. 1830-ൽ ‘എച്ച് എം എസ് ബീഗിൾ’ എന്ന കപ്പലിൽ ‘ഗാലപ്പഗോസ് ദ്വീപി’ലേക്കു നടത്തിയ യാത്രയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവശാസ്ത്രത്തെ തകിടം മറിച്ചിട്ട ‘ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം’ എന്ന 502 പേജുള്ള പുസ്തകം 1859 ൽ ഡാർവിൻ പ്രസിദ്ധീകരിക്കുന്നത്. ഗാലപ്പഗോസ് ദ്വീപുകളിൽ നിന്ന് (ഇപ്പോൾ ഇക്വഡോറിന്റെ ഭാഗമാണ് ഈ ദ്വീപുകൾ) പല തെളിവുകളും അദ്ദേഹം ശേഖരിച്ചു. 1831 ഡിസംബർ 27 നായിരുന്നു യാത്ര തുടങ്ങിയത്. തീരപ്രദേശങ്ങളുടെ ഭൂപടനിർമാണത്തിനു ബ്രിട്ടിഷ് സർക്കാർ നിയോഗിച്ച സംഘത്തോടൊപ്പമായിരുന്നു യാത്ര. ഡോക്ടറായിരുന്ന പിതാവിനു ഡാർവിന്റെ ഈ യാത്രയോടു താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും വിലക്കുകൾ മറികടന്ന് അദ്ദേഹം പോയി. ആ യാത്ര അഞ്ചുവർഷം നീളുകയും ചെയ്തു. പിന്നീടു മടങ്ങിവന്നാണ് ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് ബൈ മീൻസ് ഓഫ് നാച്ചുറൽ സെലക്‌ഷൻ’ എന്ന പുസ്തകം തയാറാക്കിയത്. ‘പ്രകൃതിനിർധാരണം’ വഴിയുള്ള ‘ജീവിവർഗ ഉൽപത്തി’ എന്നു നമുക്കു മലയാളത്തിൽ പറയാം. പരിണാമ ചരിത്രത്തിലെ തിളക്കമേറിയ താളുകളായിരുന്നു അവ.
ജീവികളുടെ ശാരീരിക ഘടന മാറ്റുന്ന ജനിതക വ്യതിയാനം (mutation) എന്ന പ്രതിഭാസം ശാസ്ത്രലോകം മനസ്സിലാക്കുന്നതിന് വളരെക്കാലം മുമ്പ് തന്നെ ഡാർവിൻ പരിണാമ സിദ്ധാന്തത്തിന് അടിത്തറയിട്ടു എന്നതാണ് അത്ഭുതം. പ്രകൃതി നിർധാരണത്തിൽ (natural selection) പ്രകൃതിയാണ് തെരഞ്ഞെടുക്കുന്നത്. ജീവികൾ അവയുടെ കഴിവുപയോഗിച്ച് സ്വയം തെരെഞ്ഞെടുക്കുകയല്ല. ഉദാഹരണത്തിന് ഒരു അരിപ്പ സങ്കൽപ്പിക്കൂ. ഓരോ അരിപ്പയുടേയും കണ്ണികകളുടെ വലിപ്പത്തിന് അനുസൃതമായി അതിലൂടെ കടന്നുപോകുന്ന തരികളുടെ വലിപ്പം വലുതോ ചെറുതോ ആയിരിക്കും. ഇതിന് സമാനമായാണ് പ്രകൃതി തെരഞ്ഞെടുപ്പ് നടത്തുന്നത്. പരിണാമത്തിന്റെ പല ദിശകളിലും പ്രകൃതിയാകുന്ന അരിപ്പയുടെ കണ്ണികളുടെ വലിപ്പമനുസരിച്ചാകും ജീവികളാകുന്ന തരികൾ കടന്ന് പോകുക. അവ വലുതാകാം, ചെറുതാകാം. കണ്ണികളുടെ വലിപ്പം അനുസരിച്ചു ഏറ്റവും യോജിച്ച തരികൾ കടന്നു പോകും.

ഏതാണ്ട് ഇതുപോലെയാണ് പ്രകൃതിയുടെയും തങ്ങൾ ജീവിക്കുന്ന ആവാസ വ്യവസ്ഥയുടേയും പ്രത്യേകതകൾ ജീവികൾക്ക് അതിജീവന ശക്തി നൽകുന്നത്. ഇന്നത്തെ കടമ്പ അതിജീവിച്ച് പ്രജനനം നടത്തി മുന്നേറുന്ന ജീവികൾ നാച്ചുറൽ സെലക്ഷൻ നാളെ ഉയർത്തുന്ന കടമ്പയിൽ പെട്ട് ഇല്ലാതായെന്നുമിരിക്കും. പരിണാമത്തിന് ദിശാബോധമോ ലക്ഷ്യബോധമോ ഇല്ലെന്നാണ് ഡാർവിൻ പറഞ്ഞിട്ടുള്ളത്. മറ്റു ജീവ ശാസ്ത്രജ്ഞരും ഇത് ശരിവയ്ക്കുന്നു.

ഇതര ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യർക്ക് പരിണാമം കൂടുതൽ സാദ്ധ്യതകൾ നൽകുന്നു എന്നത് തെറ്റായ ഒരു സങ്കൽപ്പമാണ് . മറിച്ച്, മറ്റ് ജീവികൾക്കില്ലാത്ത ഒരു പ്രത്യേകതയും ഈ ഭൂമിയിൽ മനുഷ്യന് ഇല്ല എന്നാണ് പരിണാമസിദ്ധാന്തം നൽകുന്ന സന്ദേശം. ജനിതകവ്യതിയാനം (Mutation) ജീവികളിൽ സ്വാഭാവികമായുണ്ടാകുന്നതാണെന്നുള്ളത് ഇപ്പോൾ സാമാന്യവിജ്ഞാനത്തിന്റെ തലത്തിൽ അറിയപ്പെടുന്നതാണല്ലോ. ഇത് തികച്ചും ആകസ്മികവും ക്രമരഹിതവും ആയാണ് സംഭവിക്കുന്നത്. ഇത്തരം വ്യതിയാനങ്ങൾ ജീവികളുടെ ശരീരഘടനയിൽ ആനുപാതികമായ മാറ്റങ്ങൾ വരുത്തുന്നു. മാറ്റങ്ങൾ ആ സ്ഥലത്തെ ആവാസ വ്യവസ്ഥിതിക്ക് അനുയോജ്യമായവ ആണെങ്കിൽ അവ സ്വീകരിക്കപ്പെടുന്നു. അല്ലെങ്കിൽ തിരസ്കരിക്കപ്പെടുന്നു. പരിണാമം പ്രവർത്തിക്കുന്നത് ആവാസ വ്യവസ്ഥിതിക്ക് അനുയോജ്യമായ ജനിതക വ്യതിയാനങ്ങളുടെ പ്രകൃതി നിർധാരണത്തി (natural selection) ലൂടെയാണ്.
ജനിതക വ്യതിയാനവും നിർധാരണവുമാണ് (Mutation and natural selection)  ഇന്നു നാം കാണുന്ന ജൈവവൈവിധ്യങ്ങൾക്ക് കാരണം (മനുഷ്യനുൾപ്പെടെയുള്ളവയുടെ). ഇത് തികച്ചും ക്രമരഹിതമായി (Random) സംഭവിച്ചതാണ് എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത് . ഈ പ്രക്രിയയിൽ എന്തെങ്കിലും ലക്ഷ്യം ഉള്ളതായി ഒരു തെളിവുമില്ല.
മനുഷ്യന്റെ വ്യാമോഹം അല്ലെങ്കിൽ അത്യാഗ്രഹം,അവനെ പരിണാമ പ്രക്രിയയുടെ തലപ്പത്തു സ്വയം പ്രതിഷ്ഠിക്കുവാൻ പ്രേരിപ്പിക്കുന്നു എന്ന് മാത്രം.

1882 ഏപ്രിൽ 19 ന് ഹൃദ്രോഗത്തെത്തുടർന്ന് ചാൾസ് ഡാർവിൻ മരണപ്പെട്ടു.

Comments

COMMENTS

error: Content is protected !!