നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തേ വൈകി വന്നു പൂംതിങ്കളേ……’ പെരുമനം കുട്ടൻ മാരാർ പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയ വിളക്കുത്സവത്തിന് പാണ്ടി കൊട്ടിക്കയറാൻ എത്തുന്നതിൽ ആഹ്ലാദ ചിത്തനായ വിപിൻദാസ് മതിരോളിയുടെ ആസ്വാദന കുറിപ്പ്.

 

നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തേ വൈകി വന്നു പൂംതിങ്കളേ……’

പെരുമനം കുട്ടൻ മാരാർ പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയ വിളക്കുത്സവത്തിന് പാണ്ടി കൊട്ടിക്കയറാൻ എത്തുന്നതിൽ ആഹ്ലാദ ചിത്തനായ വിപിൻദാസ് മതിരോളിയുടെ ആസ്വാദന കുറിപ്പ്.

ഹൃദയത്തിൽ പതിഞ്ഞ ഒ എൻ വി യുടെ കാവ്യശകലത്തിന് ബോംബെ രവിയുടെ മാന്ത്രിക സംഗീതം……

ഈ പാട്ടോർമ്മയാണ് കാവിലമ്മയുടെ ചെറിയ വിളക്ക് നാളിൽ വരാനിരിക്കുന്ന മതിലക പാണ്ടിയെ ഓർക്കുമ്പോൾ എൻ്റെ ഭാവനയിൽ വിടർന്ന് നിൽക്കുന്നത്.

പെരുവനം നാരായണ മാരാരുടെ കൊച്ചുമകൻ, പെരുവനം അപ്പുമാരാരുടെ പുത്രൻ,ഇതാദ്യമായി ഉഗ്രരൂപിണിയായ പിഷാരികാവിലമ്മക്ക് രൗദ്രഭാവത്തിലൊരു നാദാർച്ചന അർപ്പിക്കുവാനായി എത്തുകയാണ്.മേളാസ്വദകർ ഇഷ്ടത്തോടെ കുട്ടേട്ടൻ എന്ന് വിളിക്കുന്ന പത്മശ്രീ പെരുവനം കുട്ടൻ മാരാർ ,ഇരട്ടപ്പന്തി മേളം ജൻമമെടുത്ത, സകലവിധ മേളങ്ങളും, പാണ്ടിയും, പഞ്ചാരിയും പെയ്തിറങ്ങുന്ന തിരുമുറ്റത്ത് നടാടെയാണ് മേളഗോപുരം സൃഷ്ടിക്കുക എന്നത്, തെല്ലൊരു വിസ്മയം ഉളവാക്കുന്നുണ്ട്. പാരമ്പര്യ തനിമയുള്ള ‘മേളം’ എന്ന കലാരൂപത്തെ ഒട്ടും തനിമ ചോരാതെ നിലനിർത്തി, അടുത്ത തലമുറക്ക് പകർന്ന് നൽകുന്നതിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ ഇടപെടലുകൾ മാതൃകാപരമാണ്. വാദ്യമേള കലയുടെ കാവാലാളായി, ആ മഹാനുഭാവനെ സങ്കൽപ്പിക്കുന്നത് ഏറെ ആഹ്ലാദകരം. പെരുവനം പാരമ്പര്യ ചിട്ടയിൽ നിന്നും ഒരിക്കലും ഇളകാത്ത ഏകാഗ്രമായ ആ തപസ്യ കൊണ്ടാവാം ഇതിന് കഴിയുന്നത്. ‘ഇലഞ്ഞിത്തറമേളം’ നാലര മണിക്കൂർ നീണ്ട് നിൽക്കുന്ന താളമേള വിസ്മയം. ഏതാണ്ട് 250 ഓളം വാദ്യകലാകാരൻമാരെ തൻ്റെ ഭാവനാനുസൃതമായ കാലഘടനയിൽ ലയിപ്പിച്ച് നിർത്തുന്നു കുട്ടൻ മാരാർ.1999 തൊട്ട് ഇലഞ്ഞിത്തറയിൽ ഏറ്റവും കൂടുതൽ കാലം പ്രമാണം നടത്തിയ ആ ഒരു റെക്കോഡ് മാത്രം മതി അദ്ദേഹത്തിലെ സംഘാടന വൈദഗ്ധ്യം തിരിച്ചറിയാൻ.

 

ഏറ്റവും നീളമേറിയ പഞ്ചാരിമേളങ്ങളുടെ തട്ടകങ്ങളാണ് എടക്കുന്നി, ആറാട്ടുപ്പുഴ, കുട്ടനെല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങൾ.

മുൻ കാലങ്ങളിൽ എടക്കുന്നിയിലും ,ഈ കാലഘട്ടത്തിൽ ആറാട്ടുപ്പുഴയിലും, കുട്ടനെല്ലൂരിലും പഞ്ചാരിയുടെ അഞ്ച് കാലങ്ങളിലും പഞ്ചാമൃത മാധുര്യത്തിൻ തേൻ കിനിയിക്കുന്ന ‘കുട്ടേട്ടൻസ് മാജിക്കി’ . കാതോർക്കുകയാണ് കുറുമ്പ്രനാട്ടുകാർ.

തൃശൂർപ്പൂരം, പെരുവനം, ആറാട്ടപ്പുഴപ്പൂരം, ഗുരുവായൂർ, തൃപ്പുണിത്തുറ, ഇരിങ്ങാലക്കുട ഉൽസവങ്ങൾ, കുട്ടനെല്ലുർപ്പൂരം, കൊടുന്തിരപ്പള്ളി നവരാത്രി ഉൽസവം. കുട്ടേട്ടൻ മുടങ്ങാതെ പങ്കെടുക്കുന്ന മഹത്തായ വേദികൾ അല്ലെങ്കിൽ തിരുവരങ്ങുകളാണ് മേൽപ്പറഞ്ഞവയെല്ലാം.
അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമറിയാത്ത പ്രസിദ്ധ ക്ഷേത്രങ്ങൾ കുറവായിരിക്കും. ചോറ്റാനിക്കര, വൈക്കം, കുമാരനെല്ലൂർ, മള്ളിയൂർ , തുറവൂർ നരസിംഹമൂർത്തി, എറണാകുളത്തപ്പൻ, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി, തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ, മണ്ണാർക്കാട്, തിരുവല്വാമല, നെൻമാറ, ഉത്രാളിക്കാവ്, ചിനക്കത്തൂർ, കോഴിക്കോട് തളി, വളയനാട്, കാഞ്ഞിലശ്ശേരി തുടങ്ങി ഒരിക്കലെങ്കിലും അദ്ദേഹം അക്ഷരകാല മിട്ട മേളവേദികൾ എണ്ണിയാലോ, പറഞ്ഞാലോ കഴിയാത്ത വിധം അനന്തമാണ്. പന്തിരായിരത്തിലേറെ മേളങ്ങൾക്ക് നടുനായകത്വം വഹിച്ച ആ തേജസ്വിവര്യൻ ഇതാദ്യമായി കാവിലമ്മയുടെ തിരുമുറ്റത്തേക്ക് മേളഗോപുരങ്ങൾ സൃഷ്ടിക്കാനെത്തുമ്പോൾ, നഖക്ഷതങ്ങളിലെ ഇമ്പമേറിയ ആ ഗാനത്തെ ഓർത്തെടുത്തതായ ഉപമയിൽ നിങ്ങൾക്ക് ഒട്ടും അത്ഭുതം തോന്നാനിടയില്ല.

നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ജൻമനാടായ ചേർപ്പിൽ വച്ച് വീരശൃംഗലയും, മേളകലാനിധിപ്പട്ടവും ലഭിച്ച കുട്ടേട്ടൻ അനവധി ആയുള്ള പുരസ്ക്കാര ലബ്ധിയാൽ അനുഗൃഹീതനാണ്. സ്റ്റേറ്റ് സർക്കാർ നൽകുന്ന പല്ലാവൂർ അപ്പുമാരാർ പുരസ്ക്കാരം, കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, ആറാട്ടുപ്പുഴ ശാസ്താ പുരസ്ക്കാരം, ഗുരുവായൂരപ്പൻ പുരസ്ക്കാരം, മള്ളിയൂർ ക്ഷേത്ര പുരസ്ക്കാരം എന്നിവ അവയിൽ ചിലത് മാത്രം. മേളകലയിലെ അനുപമമായ സംഭാവനകൾക്കായി 2011 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

നമ്മുടെയെല്ലാം പ്രിയക്ഷേത്രമായ, നാട്ടു ക്ഷേത്രമായ ശ്രീ കാഞ്ഞിലശ്ശേരി, മഹാദേവൻ്റെ പേരിലുള്ള മൃത്യുഞ്ജയ പുരസ്ക്കാരം 2018ൽ ഇദ്ദേഹത്തിന് നൽകി എന്നത് നമുക്കേവർക്കും അഭിമാനാർഹമായ വസ്തുതയാണ്. മേളകലയ്ക്ക് ഒരു പുരസ്ക്കാരം നൽകുമ്പോൾ ആദ്യമായി മനസിൽ കളിയാടുന്ന നാമധേയം കുട്ടേട്ടൻ്റേത് തന്നെയാവും. പത്മശ്രീ പെരുവനം കുട്ടൻ മാരാർ കാല പ്രമാണമിട്ടാൽ ആ മേളാരവം നൽകുന്ന മധുരവും, ഗംഭീര്യവും ,ആവേശ ലഹരിയും അത്രമേൽ ഹൃദയസ്പർശിയാവുന്നു ഇന്നിൻ്റെ വാദ്യലോകത്ത് എന്നതാണ് പരമാർത്ഥം.

 

കേവലം രണ്ട് മണിക്കൂറിൽ ചുരുങ്ങുന്ന മേളങ്ങൾ, 15 മിനുട്ട് കൊണ്ട് പതിഞ്ഞ താളത്തെ തള്ളി ആസ്വാദകരെ തുറന്ന കാലത്തിലേക്കും, കുഴ മറിഞ്ഞ തകൃതകളിലേക്കും ആകാശ നൃത്തം ചവിട്ടാൻ ക്ഷണിച്ചു കൊണ്ടു പോവുന്ന ദുരവസ്ഥകൾ. മൂന്ന് മണിക്കൂർ കൃത്യമായ കലാശങ്ങളിലൂടെ, സംഗീതവഴിയിൽ മാത്രം സഞ്ചരിച്ച്, കാലപ്രവാഹം നടത്തി വിസ്മയം സൃഷ്ടിച്ച പാണ്ടിമേളങ്ങളുടെ വിസ്മയ വേദികളിൽ പോലും, അധ:പതനത്തിൻ്റെ ദു:സൂചനകൾ നൽകി ചില പക്ഷികൾ വട്ടമിട്ടു പറക്കുന്നുണ്ട്. ഇങ്ങിനെയൊരു കാലത്ത് പവിത്രമായ മേളാർപ്പണത്തിന്, കുട്ടൻമാരാരോളം മാതൃകാ പുരുഷനും, മേളവഴികളിലൂടെ പരിശുദ്ധമായി സഞ്ചരിക്കുന്ന വഴികാട്ടിയും മറ്റൊരാളില്ല എന്നു തന്നെ വിലയിരുത്താം.

നാല് മണിക്കുർ നീളമേറിയ മേളങ്ങളെ സെക്കൻ്റു പോലും ലയം നഷ്ടപ്പെടാതെ കൃത്യസമയത്ത് തൃപുടതാളത്തിൽ പര്യവസാനിപ്പിക്കുന്ന ആ ഒരു കാല പ്രമാണ വൈദഗ്ദ്ധ്യം, അതൊരിന്ദ്രജാലം തന്നെ.

പാണ്ടിമേളത്തിലും, പഞ്ചാരിമേളത്തിലും ആത്മനിർവൃതിയുടേയും, ആവേശത്തിൻ്റെയും, പാരമ്പര്യത്തനിമയുടേയും മധുരസംഗീതം വിളമ്പുന്ന പത്മശ്രീ പെരുവനം കുട്ടൻ മാരാർ കാല നിയന്ത്രണങ്ങളുടെ രസകൂട്ടുകൾ സൃഷ്ടിക്കുന്നതിൽ ഒരു മഹാത്ഭുതം തന്നെയാണ്.

എളിയ ആസ്വാദകനായ ഈയുള്ളവൻ ഗുരുവായൂർ, വളയനാട്, ആറാട്ടുപ്പുഴ, കുമാരനെല്ലൂർ, തിരുമാന്ധാംകുന്ന്, നെൻമാറ, തിരുവങ്ങൂർ, കാഞ്ഞിലശ്ശേരി, തൃപ്പുണിത്തുറ , പെരുവനം, ഉത്രാളിക്കാവ്, കുട്ടനെല്ലൂർ തുടങ്ങിയ തിരുവരങ്ങുകളിൽ വെച്ചെല്ലാം ആ നളപാചകത്തിൻ്റെ രുചിയറിഞ്ഞ് മനം നിറഞ്ഞവനാണ്.

ഉത്തമത്തിലുള്ള പൂജാവിധികൾ ഉഗ്രരൂപിണിയെ, അതിരൗദ്രയാക്കും എന്ന കാരണത്താൽ മദ്ധ്യമ കർമ്മങ്ങൾ, പൂജാവിധികൾ നടക്കുന്ന ശ്രീ പിഷാരികാവ്.

പാല് പോലെ പരിശുദ്ധമായ അഞ്ച് കാലങ്ങളിലും തേൻ കിനിയിക്കുന്ന പെരുവനം ശൈലിയിലെ പഞ്ചാരി ഉത്തമങ്ങളിൽ ഉത്തമം ആകയാൽ വലിയ വിളക്ക് അർദ്ധരാത്രിയിലെ നാന്തക തിരുവെഴുന്നെള്ളിപ്പിന് ഉത്തമ പഞ്ചാരിയിൽ തകൃതയും, വികൃതിയും ചേർത്ത് ഒരു പന്തിക്ക് പകരം രണ്ട് പന്തികളായി നിന്ന് കലാശങ്ങൾ മാറി മാറി കൊട്ടുന്ന ഇരട്ടപ്പന്തി മേളം എന്ന വിസ്മയം ജന്മമെടുത്ത പിഷാരികാവിൻ്റെ മണ്ണ്.

പെരുവനത്തിൻ്റെ മേള നടവഴികളിലൂടെ ,സംഗീത വഴികളിലൂടെ കൃത്യമായ കാലത്തിൽ സഞ്ചരിച്ച് തുറന്ന കാലത്തിൽ മേളം കൊട്ടികൂർപ്പിച്ച്, തകൃതയിലാറാടിച്ച് ,തൃപുടയിൽ ലയിപ്പിച്ച് പിഷാരികാവിലമ്മയുടെ ചെറിയ വിളക്ക് നാളിലെ മതിലക പാണ്ടിമേളവിസ്മയം സൃഷ്ടിക്കാനെത്തുന്ന
‘മേളകലയുടെ രക്ഷാപുരുഷന് ‘
പത്മശ്രീ പെരുവനം കുട്ടൻമാരാർക്ക് കുറുമ്പ്രനാട്ടിലെ മേളാസ്വാദകർ സ്വാഗതമോതുന്നു.

വന്നാലും, വന്നാലും മഹാനുഭാവൻ ശുദ്ധസംഗീതത്തിൻ്റെ അമൃത ഗംഗയൊഴുക്കിയാലും …….. അതെ ക്ലാസിക്ക് മേള സംഗീതത്തിൻ്റെ പര്യായമായി ഉയർന്ന് നിൽക്കുന്ന പെരുവനം പെരുമയിലെ വാദ്യ നക്ഷത്രമേ വന്നാലും ,

പ്രിയ്യപ്പെട്ട കുട്ടേട്ടന് കാവിലമ്മയുടെ മണ്ണിലേക്ക് സ്വാഗതം.

വിപിൻദാസ് മതിരോളി

Comments

COMMENTS

error: Content is protected !!