SPECIAL
ഇന്ന് ലോക കേൾവിദിനം ;കേട്ടുകൊണ്ടേയിരുന്നാൽ ചെവി അടിച്ചുപോകും
ഹെഡ്‌ഫോണിൽ പാട്ടുംകേട്ടാണോ പതിവുറക്കം. എങ്കിൽ സൂക്ഷിച്ചോളൂ, നടൻ സലീംകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ചെവിയുടെ ഇയർഡ്രം’ പോകുന്ന പണിയാണെന്നോർത്താമതി. ഹെഡ്‌ഫോണും ഇയർഫോണും സദാ ചെവിയിൽ തിരുകി പാട്ടുംകേട്ട് നടക്കുന്ന ന്യൂജൻകാരിൽ കേൾവി തകരാർ കൂടുന്നതായാണ് പഠനം. കേൾവിക്കുറവുമായി വരുന്ന യൗവ്വനക്കാരുടെ എണ്ണം വർധിച്ചതായി ഡോക്ടർമാരും പറയുന്നു. ചൊവ്വാഴ്‌ച ലോക കേൾവിദിനം ആചരിക്കുമ്പോൾ ഇയർഫോൺ അധികനേരം ചെവിയിൽ തിരുകരുതെന്ന് ആരോഗ്യവിദഗ്‌ധർ ഓർമിപ്പിക്കുന്നു. ശബ്ദനിയന്ത്രണ നിയമങ്ങൾ ശ്രദ്ധിക്കാത്തവർ വിലകൊടുക്കേണ്ടിവരുമെന്നാണവർ നൽകുന്ന സൂചന.
15 വയസ്സ് മുതൽ 30 വരെയുള്ളവരിൽ കേൾവിപ്രശ്‌നം 20 ശതമാനത്തിലേറെ വർധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. ഭൂരിഭാഗത്തിലും വില്ലൻ ഇയർ–-ഹെഡ്‌ഫോൺ ഉപയോഗം. വാഹനമോടിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ചെറുപ്പക്കാരിൽ 40 ശതമാനം ഇവയുപയോഗിക്കുന്നതായാണ് നിരീക്ഷണം. ചെവിയിലെ കോക്ലിയയിലുള്ള ഔട്ടർ ഹെയർസെല്ലിനെയാണ് തുടർച്ചയായ ഫോൺ ഉപയോഗം ബാധിക്കുന്നത്. മുതിർന്ന പൗരന്മാരിലുള്ള കേൾവിക്കുറവിന്റെ തോതിലേക്കാണ് യുവജനങ്ങളുടെ പോക്ക്. ട്രാഫിക് പൊലീസ്, ഡ്രൈവർമാർ, തുടങ്ങി നിരന്തര ശബ്ദ ബഹളങ്ങളിൽ ഇടപെടുന്നവരുടേതിലും കൂടുതലാണിത്.
85 ഡെസിബെല്ലിലധികം ശബ്ദം എട്ടുമണിക്കൂറിലധികം തുടർച്ചയായി ശ്രവിച്ചാൽ തകരാറുണ്ടാകുമെന്ന് അസോസിയേഷൻ ഓഫ് ഓടോ ലാറിംഗോളജിസ്‌റ്റ്‌സ് ഓഫ് ഇന്ത്യ കോഴിക്കോട് ഘടകം സെക്രട്ടറി ഡോ. ശങ്കർ മഹാദേവൻ പറഞ്ഞു. ഹെഡ്‌ഫോണുകളിൽ 50 ഡെസിബെല്ലിൽ കൂടുതലാകുമ്പോൾ മുന്നറിയിപ്പുണ്ട്. അത് അവഗണിക്കയാണ് പലരും. ഇത് നൂറ് ശതമാനം ഡെസിബെല്ലിലാക്കിയാണ് പലരും ചെവിയിൽ തിരുകുന്നത്. ദിവസം രണ്ട് മണിക്കൂർ ഇതേ തീവ്രതയിൽ കേട്ടാൽ ദോഷം തീർച്ച. ഐടി മേഖലയിലും ദൃശ്യമാധ്യമങ്ങളിലും സൗണ്ട് റെക്കോഡിങ് സ്‌റ്റുഡിയോകളിലും പ്രവർത്തിക്കുന്നവരും ഇതിന്റെ ഇരകളാണ്. സാധാരണ നിലയിൽ 25 ഡെസിബെൽ ശബ്ദം കേൾക്കുന്നില്ലെങ്കിൽ തകരാറുണ്ടെന്ന് സംശയിക്കണം.എന്നാൽ ഉയർന്ന ശബ്ദത്തിന്നടിമകളായതിനാൽ ഇവരിത് ശ്രദ്ധിക്കുന്നില്ല.
Comments