നാണു എഴുത്തച്ചൻ ശങ്കരനാരായണനും വാഴുവാടി ശ്രീകണ്ഠനും; പൊയിൽക്കാവ് ക്ഷേത്രോത്സവം ആനക്കമ്പക്കാരുടെ ശ്രദ്ധാകേന്ദ്രമാവും

 

കൊയിലാണ്ടി: ഇത്തവണത്തെ പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രം രണ്ട് ഗജവീരന്മാരായിരിക്കും. നാണു എഴുത്തച്ഛൻ ശങ്കരനാരായണനും വാഴുവാടി ശ്രീകണ്ഠനും. കേരളത്തിലെ തലയെടുപ്പുള്ള ലക്ഷണമൊത്ത ആനകളിൽ ഏറ്റവും മുൻനിരയിലുള്ള ആനകളിലൊന്നാണ് നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ. തൃശൂരിലെ വ്യവസായിയായ നാണു എഴുത്തച്ഛന്റെ അഭിമാനമായ ആനയാണ് ഇത്. നാണു എഴുത്തച്ഛൻ തൃശൂർ പൂരത്തിനെഴുന്നള്ളിച്ചിരുന്ന കേരളത്തിൽ തന്നെ ശ്രദ്ധേയനായ ശ്രീനിവാസൻ എന്ന ആന ചരിഞ്ഞതിനെത്തുടർന്നാണ് ശങ്കരനാരായണനെ ഇദ്ദേഹം സ്വന്തമാക്കിയത്. ഇരിക്കസ്ഥാനം, തലയെടുപ്പ്, കൊമ്പ്, തുമ്പി, മസ്തകം, നഖം തുടങ്ങി ലക്ഷണശാസ്ത്രത്തിലെ മിക്കവാറും പൊരുത്തങ്ങൾ ഒത്തുവന്ന ആനയാണവൻ. വാലിലെ ഒടിവുകൾ മാത്രമാണ് ഒരപവാദം. ആനക്ക് പത്തിൽ പത്ത് ലക്ഷണങ്ങളും ഒത്തുവരുന്നത് നല്ലതല്ല എന്നാണ് പ്രമാണം. അതുകൊണ്ട് വാലിലെ ഈ ഒടിവുകളും നല്ലതാണ് എന്നാണ് ആന പ്രേമികളുടെ പക്ഷം.

പത്ത് അടിയിലധികം ഉയരമുള്ള കേരളത്തിലെ അപൂർവ്വം ആനകളിലൊന്നാണ് ശങ്കരനാരായണൻ. പേരുകേൾക്കുമ്പോൾ മലയാളിയാണ് എന്നൊക്കെ തോന്നുമെങ്കിലും ജന്മം കൊണ്ട് ബീഹാറിയാണിവൻ. ക്രാങ്ങാട്ട് വാസുദേവൻ നമ്പൂതിരി എന്ന ആനക്കമ്പക്കാരനാണ് ഇവനെ കേരളത്തിലെത്തിച്ചത്. എട്ട് വയസ്സ് മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ ലക്ഷണങ്ങളും കുസൃതികളും കണ്ട് ഇഷ്ടം തോന്നിയ നമ്പൂതിരി ഇവനെ സ്വന്തമാക്കി കേരളത്തിലെത്തിക്കയായിരുന്നു. അന്ന് വലിയ പിടിവാശികാരനും വഴക്കാളിയുമായ ഇവനെ മെരുക്കിയെടുക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. പിന്നീട് പല കൈമറിഞ്ഞ് തിരുവിതാങ്കൂർ ദേവസം ബോർഡിന്റെ കയ്യിലെത്തിയ ആന വൈക്കം മഹാദേവക്ഷേത്രത്തിൽ നടയിരുത്തപ്പെട്ടു. ‘വൈക്കം ചന്ദ്രശേഖരൻ, എന്നായിരുന്നു അന്നവന്റെ വിളിപ്പേര്. അവിടേയും ഉത്സവാഘോഷങ്ങൾക്കിടയിൽ കുറുമ്പുകാട്ടിയതിനെ തുടർന്ന് തടി പിടിക്കാനും മറ്റ് കായികാധ്വാന പ്രധാനമായ ജോലികൾക്കുമാണ് ഉപയോഗിച്ചിരുന്നത്.

തിരുവിതാങ്കൂർ ദേവസ്വം ബോർഡിൽ നിന്നാണ് തൃശൂരുകാരനായ നാണു എഴുത്തച്ഛൻ ഈ ആനയെ സ്വന്തമാക്കിയത്. 11 വർഷം മുമ്പായിരുന്നു അത്. ശ്രീനിവാസൻ എന്ന എഴുത്തച്ഛന്റെ അതിപ്രശസ്തനായ ആന ചരിഞ്ഞതിനെത്തുടർന്ന്, തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ ലക്ഷണമൊത്ത വലിയ ഒരാനയെ അന്വേഷിച്ചിറങ്ങിയ, ആനക്കമ്പക്കാരനായ നാണു എഴുത്തച്ഛൻ അവസാനം ചെന്നെത്തിയത് വൈക്കം ചന്ദ്രശേഖരനിലായിരുന്നു. അപ്പോഴും ഉത്സവപ്പറമ്പിൽ കുറുമ്പുകാട്ടുന്നവൻ എന്ന ദുഷ്പ്പേര് ഇവനുണ്ടായിരുന്നു. നാണു എഴുത്തച്ഛൻ അത് കാര്യമാക്കിയില്ല. ആനകളോട് നല്ല നിലയിൽ ഇടപെടാനറിയുന്ന രാജു എന്ന പാപ്പാൻ എത്തിയതോടെ ചന്ദ്രശേഖരൻ അനുസരണയുളള കുട്ടിയായി വേഗം തന്നെ മാറി. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന പൂരങ്ങളിലൊക്കെ ആനക്കമ്പക്കാരുടെ ലഹരിയായി. ഇതിനിടയിൽ പേര് ‘നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ, എന്ന് മാറ്റി വിളിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി ആനപ്രേമികളുടെ ഹരമായി പൂരങ്ങളിൽ നിന്ന് പൂരങ്ങളിലേക്ക് സഞ്ചരിക്കുന്ന ശങ്കരനാരായണനിപ്പോൾ ആട്ടിൻ കുട്ടിയേപ്പോലെ അനുസരണയുള്ള നാട്ടാനയാണ്.


ഇവന് കൂട്ടായെത്തുന്ന വാഴുവാടി ശ്രീകണ്oനും കേരളത്തിലെ തലയെടുപ്പുള്ള ആനകളിലൊന്നാണ്. മായാവി എന്നാണിവൻ ആനക്കമ്പക്കാർക്കിടയിൽ അറിയപ്പെടുന്നത്. ആനക്കാരോട് ചൊടിച്ചാൽ പിണങ്ങിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണത്രേ ഈ വിളിപ്പേരുണ്ടായത്. ഇവനും മലയാളിയല്ല. ആസാമിൽ നിന്നാണ് കേരളത്തിലെത്തിയത്. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ വാഴുവാടി ഗ്രാമത്തിന്റെ പൊന്നോമനയാണ്. പൂർവ്വാശ്രമത്തിൽ കണ്ണൻ എന്നായിരുന്നു വിളിപ്പേര്. പത്തടിക്ക് തൊട്ടുതാഴെ ഉയരമുണ്ടിവനും. തിടമ്പാനയായും കൂട്ടാനയായും കേരളത്തിലെ എല്ലാ പ്രധാന പൂരങ്ങളിലും ശ്രീകണ്ഠനുമുണ്ടാവും. കണ്ണ് തട്ടാതിരിക്കാനാണ് ഇവന് തെറ്റുകൊമ്പായത് എന്ന് വിശ്വസിക്കുന്ന ആനക്കമ്പക്കാരുണ്ട്.


ഇന്നു(തിങ്കൾ) മുതൽ മാർച്ച് ഇരുപത് വരെയാണ് പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്രോസവം. മാർച്ച് 18, 19 തിയ്യതികളിലെ വനമധ്യത്തിലെ പാണ്ടിയുൾപ്പെടെ പ്രധാന എഴുന്നള്ളത്തുകളിലും ശീവേലിയിലുമൊക്കെ പ്രധാന ആകർഷണ കേന്ദ്രമായിരിക്കും ഈ ഗജവീരന്മാർ.

Comments

COMMENTS

error: Content is protected !!