CALICUTDISTRICT NEWS
ഇരുപതോളം ക്ലിപ്പുകൾ വേർപെട്ട നിലയിൽ; പാളത്തിൽ വലിയ കല്ലുകൾ; പരശുറാം എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമം

പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറി ശ്രമം നടന്നതായി സൂചന. വടകര, അയനിക്കാട് മേഖലയിലെ റെയിൽപ്പാളത്തിലെ ഇരുപതോളം ക്ലിപ്പുകൾ വേർപെട്ട നിലയിലാണ്. പാളത്തിൽ വലിയ കല്ലുകൾ നിരത്തിയ നിലയിലും കണ്ടെത്തി. പരശുറാം എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച ട്രെയിൻ മംഗലാപുരത്തേക്ക് പോകുന്നതിനിടെയാണ് സംഭവം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ പതിവിന് വിപരീതമായി നന്നായി ഇളകിയിരുന്നതായി ലോക്കോ പൈലറ്റ് പരാതിയിൽ പറയുന്നു. തൊട്ടടുത്ത സ്റ്റേഷനിൽ വിവരം അറിയിച്ച ശേഷമാണ് ലോക്കോ പൈലറ്റ് യാത്ര തുടർന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാളവുമായി ഘടിപ്പിച്ചിട്ടുള്ള ക്ലിപ്പുകൾ ഇളകിയതായി കണ്ടെത്തി. പാളത്തിൽ കല്ലുകൾ നിരത്തിയതും കണ്ടെത്തി. സംഭവം വിശദമായി അന്വേഷിക്കാനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം.
Comments