ഇറാനുനേരെ ആക്രമണത്തിന് അനുമതി നല്‍കി ട്രംപ്;

ന്യൂയോര്‍ക്ക്: ഇറാനുനേരെ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്നും ട്രംപ് പിന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.
റഡാല്‍, മിസൈല്‍ ബാറ്ററികള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയെന്നാണ് സംഭവവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇറാനിയന്‍ സൈന്യത്തിനും പൗരന്മാര്‍ക്കുമുണ്ടാകുന്ന അപകടം കുറയ്ക്കുകയെന്ന ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലരുന്നതിനു മുമ്പ് ആക്രമണം നടത്താനായിരുന്നു പദ്ധതി.
വിമാനങ്ങളും കപ്പലുകളും ഒരുക്കി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈല്‍ പോലും ഉതിര്‍ത്തിട്ടില്ല.
മിഡില്‍ ഈസ്റ്റ് ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന മൂന്നാമത്തെ ആക്രമണമാകുമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. 2017ലും 2018ലും സിറിയയെ ലക്ഷ്യമിട്ട് ട്രംപ് ആക്രമണം നടത്തിയിരുന്നു.
ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്നും യു.എസ് പൂര്‍ണമായി പിന്‍വാങ്ങിയോ എന്നകാര്യം വ്യക്തമല്ല. ട്രംപിന് മനംമാറ്റമുണ്ടായതുകൊണ്ടാണോ അല്ലെങ്കില്‍ ഭരണവിഭാഗത്തിന്റെ ആശങ്കകാരണമാണോ ആക്രമണത്തില്‍ നിന്ന് പിന്നോട്ടുപോയതെന്ന് വ്യക്തമല്ല.
Comments

COMMENTS

error: Content is protected !!