ഇറാന്‍ – അമേരിക്ക സംഘര്‍ഷം; 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുടെ യോഗം ഇന്ന് വിയന്നയില്‍

ഇറാന്‍ – അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെ രാജ്യങ്ങളുടെ യോഗം ഇന്ന് വിയന്നയില്‍. ഇറാനു പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആണവക്കരാര്‍ സംരക്ഷിക്കാനുള്ള അവസാന അവസരമാണ് വിയന്നയിലെ ഇന്നത്തെ യോഗമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

 

2015 ല്‍ ഒപ്പുവെച്ച ആണവക്കരാറിന്റെ പുരോഗതി ചര്‍ച്ച ചെയ്യാനായി മൂന്നു മാസത്തിലൊരിക്കല്‍ കൂടാറുള്ള യോഗമാണ് ഇന്ന് വിയന്നയില്‍ നടക്കുന്നത്. എന്നാല്‍ ഇറാന്‍ – അമേരിക്ക സംഘര്‍ഷം സ്‌ഫോടനാത്മമായി വളര്‍ന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഇന്നത്തെ യോഗം. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് ഇറാന്റെ എണ്ണ വാങ്ങുന്നതടക്കം തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ വന്‍ ശക്തി രാജ്യങ്ങള്‍ തയ്യാറാക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

 

കഴിഞ്ഞ വര്‍ഷം അമേരിക്ക ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമേരിക്കയെ തടയാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, റഷ്യ അടക്കമുള്ള മറ്റു അംഗരാജ്യങ്ങള്‍ക്കായില്ലെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തല്‍. ഇന്നത്തെ യോഗം ആണവക്കരാര്‍ സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി ഇറാനിലെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

ഇറാന്‍ ആണവായുധ നിര്‍മാണ പദ്ധതി നിര്‍ത്തിവെക്കുന്നതിന് പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കുക എന്നതായിരുന്നു 2015 ലെ ആണവക്കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ഏകപക്ഷിയമായി കരാറില്‍നിന്ന് പുറത്ത് പോയ അമേരിക്ക കൂടുതല്‍ രൂക്ഷമായ ഉപരോധങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തി. ഇതോടെയാണ് ആണവക്കരാറിന്റെ കരാറിന്റെ ഭാവി അനിശ്ചിതത്തിലായത്.
Comments

COMMENTS

error: Content is protected !!